ഗാന്ധിനഗർ: ജാമ്യ വ്യവസ്ഥ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി.
കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഗുജറാത്തിൽ നിന്ന് പുറത്തുപോകുന്നത് വിലക്കിയ കീഴ്‌ക്കോടതിയുടെ ജാമ്യ വ്യവസ്ഥ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഹാർദിക് പട്ടേൽ സമർപ്പിച്ച ഹർജിയാണ് ജസ്‌റ്റിസ് എ.വൈ കോഗ്‌ജെയാണ് തള്ളിയത്. രാജ്യദ്രോഹക്കേസിൽ അറസ്‌റ്റിലായ ഹാർദിക് പട്ടേലിന് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിചാരണക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഹാർദിക് പട്ടേൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. 2020 ജനുവരിയിലും ഹാർദിക് പട്ടേലിനെതിരെ വിചാരണക്കോടതി ഈ നിബന്ധന ഏർപ്പെടുത്തിയിരുന്നു. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് 15 ദിവസത്തേക്ക് ഡൽഹി ഉൾപ്പെടെ മറ്റ് സ്ഥലങ്ങളിലേക്ക് പോകാനും അഭിഭാഷകരുമായി ബന്ധപ്പെടാനും അനുമതി നൽകിയിരുന്നു.
2015 ഓഗസ്‌റ്റിലാണ് പാട്ടീദാർ സംവരണ പ്രക്ഷോഭത്തെ തുടർന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പട്ടേലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തുടർന്ന് നവംബറിൽ വിചാരണക്കോടതിയും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി.