ഗാന്ധിനഗർ: സെൽഫിയെടുക്കുന്നത് ക്രിമിനൽ കുറ്റമെന്ന് വിധിച്ച് ഗുജറാത്തിലെ ഡാങ് ജില്ലാഭരണകൂടം. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും സെൽഫി എടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഇത്തരത്തിൽ സെൽഫി എടുക്കുന്നത് പിടിക്കപ്പെടുകയാണെങ്കിൽ അവർക്കുമേൽ ക്രിമിനൽ കുറ്റം ചുമത്തി നടപടി സ്വീകരിക്കാനും ജില്ലാ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
വിജ്ഞാപനം പ്രകൃതിദുരന്തങ്ങൾ കണക്കിലെടുത്ത്
സംസ്ഥാനത്ത് സെൽഫി എടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ ആദ്യ ജില്ലയാണ് ഡാങ്. പ്രധാനമായും വിനോദ സഞ്ചാരികൾ അധികമായി എത്തുന്ന പ്രദേശങ്ങളിലാണ് നിയമം കർശനമാക്കിയിരിക്കുന്നത്. ജില്ലയിലെ ടൂറിസ്‌റ്റ് കേന്ദ്രത്തിന് സമീപമുള്ള ഭവ്‌നഗർ-അഹമ്മദാബാദ് പാതയിലെ പാലത്തിനടുത്തായി മണ്ണൊലിപ്പ് മൂലം കുഴി രൂപപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളിലെ അപകടം കണക്കിലെടുത്താണ് ഇത്തരത്തിൽ ജില്ലയിൽ സെൽഫി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ നടപടി കർശനം
സെൽഫികൾ നിരോധിച്ചുകൊണ്ടുള്ള പുതിയ വിജ്ഞാപനം കഴിഞ്ഞയാഴ്‌ചയാണ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി കെ ദാമർ പ്രസിദ്ധീകരിച്ചത്. മൺസൂൺ കാലത്ത് നദികളിലേക്കും ജലാശയങ്ങളിലേക്കുമുള്ള പ്രദേശവാസികളുടെ പ്രവേശനം നിരോധിച്ചതായും വിജ്ഞാപനത്തിൽ പറയുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ റോഡുകൾ, മലഞ്ചെരിവുകൾ, വെള്ളച്ചാട്ടങ്ങൾ, നദികൾ എന്നിവിടങ്ങളിൽ നിന്ന് സെൽഫികൾ എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.
പുതിയ വിജ്ഞാപനം കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കും
2019ലും ഇത്തരത്തിൽ വാഗായ്-സപുതാര ദേശീയ പാതയിൽ സെൽഫികൾ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുപവിച്ചിരുന്നു. അതേസമയം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സെൽഫി നിരോധിച്ച സാഹചര്യത്തിൽ ജില്ലയുടെ പുതിയ നടപടി കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ALSO READ: ഗുജറാത്തിൽ വികസനം ഇല്ല, 2022ൽ ആം ആദ്മി അധികാരത്തിൽ വരും; മനീഷ് സിസോദിയ