ന്യൂഡൽഹി: ഗുജറാത്ത് ജനത ബിജെപി സർക്കാർ മുന്നോട്ട് വെക്കുന്ന വികസനത്തിനും മികച്ച ഭരണത്തിനും ഒപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപിയെ വിശ്വസിച്ച് വോട്ട് രേഖപ്പെടുത്തിയ ജനങ്ങൾക്ക് മോദി നന്ദി അറിയിച്ചു. എല്ലാ ഗുജറാത്തികളുടെയും ക്ഷേമത്തിനായും ഗുജറാത്തിന്‍റെ സമഗ്ര വികസനത്തിനായും ബിജെപി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നഗർ പാലികാ തെരഞ്ഞെടുപ്പിൽ 356 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ 1,967 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. അതേസമയം ഒമ്പത് സീറ്റുകൾ ആം ആദ്‌മി പാർട്ടി സ്വന്തമാക്കി. 31 ജില്ലാ പഞ്ചായത്തുകളിലായുള്ള 980 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 735 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കോൺഗ്രസ് 157 സീറ്റുകളും ആം ആദ്‌മി പാർട്ടി രണ്ട് സീറ്റുകളുമാണ് ജില്ലാ പഞ്ചായത്തിൽ നേടിയത്. 66.84 ശതമാനമായിരുന്നു ഗുജറാത്തിലെ വോട്ടിങ് ശതമാനം.