വഡ്‌ഗാം: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വഡ്‌ഗാം സീറ്റ് നിലനിർത്തി ദലിത് നേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ജിഗ്‌നേഷ് മേവാനി. 93,848 വോട്ടുകളാണ് മേവാനി നേടിയത്. ബിജെപിയുടെ മണിഭായ് ജേതാഭായ് വഗേലയെ 4,796 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
2017ൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് വിട്ട് മണിഭായ് ബിജെപിയിലേക്ക് ചേക്കേറിയത്. 2012 മുതൽ 2017 വരെ വഡ്‌ഗാം സീറ്റില്‍ ഇദ്ദേഹമായിരുന്നു എംഎല്‍എ. മുസ്‌ലിം വോട്ടർമാർ നിർണായക പങ്കുവഹിക്കുന്നതും എന്നാല്‍ പട്ടികജാതി വിഭാഗങ്ങൾക്ക് (എസ്‌സി) സംവരണം ചെയ്‌തതുമായ സീറ്റുകൂടിയാണ് വഡ്‌ഗാം.
ആകെ 2.94 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. അതില്‍, ഏകദേശം 90,000 മുസ്‌ലിം വോട്ടർമാരാണ്. 44,000 പേര്‍ ദലിത്, 15,000 രജപുത്രരുമാണ് മണ്ഡലത്തിലെ മറ്റ് വോട്ടര്‍മാര്‍. ആം ആദ്‌മി പാർട്ടിയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും മണ്ഡലത്തില്‍ മത്സരരംഗത്ത് സജീവമായി ഉണ്ടായിരുന്നു.