ഗോധ്ര : ഗുജറാത്തില്‍ പാലം തകര്‍ന്ന് ദുരന്തമുണ്ടായ മോർബി ജില്ലയിലെ നിയമസഭ മണ്ഡലമായ ഗോധ്രയില്‍ ബിജെപി സ്ഥാനാർഥിയ്‌ക്ക് വ്യക്തമായ മുന്നേറ്റം. നിലവില്‍ ഈ സീറ്റില്‍ എട്ട് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ബിജെപിയുടെ സികെ റൗൾജി, കോൺഗ്രസിന്‍റെ രശ്‌മിതാബെൻ ചൗഹാനേക്കാൾ മുന്നിലാണ്. 20 വർഷം മുന്‍പ് ഗുജറാത്ത് കലാപത്തില്‍ ട്രെയിൻ കത്തിക്കല്‍ സംഭവം നടന്ന മണ്ഡലം കൂടിയാണ് ഗോധ്ര.
2007 മുതൽ 2016 വരെ കോൺഗ്രസ് എംഎൽഎയായിരുന്ന റൗൾജി, 2017ല്‍ ബിജെപിയിലേക്ക് ചേക്കേറി മത്സരിച്ചു. തുടര്‍ന്ന്, ആ വര്‍ഷം മുതല്‍ ഗോധ്ര മണ്ഡലത്തിലെ ബിജെപി നിയമസഭാംഗമായിരുന്നു. 2,79,000 വോട്ടർമാരാണ് ഗോധ്രയിലുള്ളത്. അതില്‍, 72,000 വോട്ടുകളും മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തുനിന്നാണ്.
ALSO READ| താമരത്തണല്‍ തേടിയ പട്ടേലും താക്കൂറും കരപറ്റി, മേവാനി പിന്നില്‍ തന്നെ
ആം ആദ്‌മി പാർട്ടിയുടെ (എഎപി) രാജേഷ്ഭായ് പട്ടേലും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീന്‍റെ (എഐഎംഐഎം) ഷബീർ കച്ച്ബയും മത്സരരംഗത്തുണ്ട്. 2021ല്‍ ഗോധ്ര മുനിസിപ്പൽ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരുന്നു. ഏഴ് സീറ്റുകളാണ് മുനിസിപ്പൽ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടി നേടിയത്.