അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചില്‍ 9,000 കോടി വിലമതിയ്‌ക്കുന്ന ഹെറോയിന്‍ പിടികൂടി. കച്ചിലെ മുന്ദ്ര തുറമുഖത്ത് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആര്‍ഐ) നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരി മരുന്ന് പിടികൂടിയത്. അഫ്‌ഗാനിസ്ഥാനില്‍ നിന്നാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് വിവരം.
ടാല്‍ക്കം പൗഡറിന്‍റെ മറവിലാണ് കോടികള്‍ വിലമതിയ്ക്കുന്ന ലഹരി മരുന്ന് കടത്തിയത്. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിങ് കമ്പനിയാണ് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ലഹരി മരുന്ന് ഇറക്കുമതി ചെയ്‌തത്. അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ ആസ്ഥാനമായുള്ള ഹസന്‍ ഹുസൈന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഹെറോയിന്‍ കയറ്റുമതി ചെയ്‌തത്.
കഴിഞ്ഞ അഞ്ച് ദിവസമായി ഡിആര്‍ഐയുടേയും കസ്‌റ്റംസിന്‍റേയും നേതൃത്വത്തില്‍ ഗുജറാത്ത് തീരത്ത് പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് നിന്ന് ഇറാനിയന്‍ ബോട്ടില്‍ കടത്തുകയായിരുന്ന ഹെറോയിന്‍ കോസ്റ്റ് ഗാര്‍ഡും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയിരുന്നു. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ 150-250 കോടി വിലമതിയ്ക്കുന്ന ഹെറോയിനാണ് പിടികൂടിയത്.
Read more: ഗുജറാത്ത് തീരത്ത് വന്‍ ലഹരി വേട്ട; 7 ഇറാനിയന്‍ പൗരന്മാര്‍ പിടിയില്‍