അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഭൂപേന്ദ്ര പട്ടേൽ. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർ ആചാര്യ ദേവവ്രത്തിന് രാജി സമർപ്പിച്ചത്. സംസ്ഥാനത്ത് ഏഴാമതും ജയിച്ച ബിജെപി, പുതിയ മന്ത്രിസഭയിലും ഭൂപേന്ദ്ര പട്ടേലിനെ തന്നെയാണ് മുഖ്യമന്ത്രിയായി തീരുമാനിച്ചിട്ടുള്ളത്.
സത്യപ്രതിജ്ഞ തിങ്കളാഴ്‌ച: ഡിസംബർ 12ന് രണ്ടാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്യും. ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീല്‍, പാർട്ടി ചീഫ് വിപ്പ് പങ്കജ് ദേശായി എന്നിവരും ഗാന്ധിനഗറിലെ രാജ്ഭവനിൽ എത്തി ഗവർണർക്ക് രാജി സമര്‍പ്പിക്കാന്‍ പട്ടേലിനെ അനുഗമിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പുതന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന രൂപത്തില്‍ ബിജെപി പട്ടേലിനെ മുന്നിട്ടുനിര്‍ത്തിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തെ മുന്‍പന്തിയില്‍ നിര്‍ത്തി പട്ടേല്‍ സമുദായത്തിന്‍റെ വോട്ടുപിടിക്കാനായിരുന്നു ബിജെപി ഇത്തരത്തിലൊരു നീക്കം നടത്തിയത്.
ALSO READ| ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ വീണ്ടും അധികാരത്തിലേക്ക്; വൈകാതെ സത്യപ്രതിജ്ഞ
'മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും രാജി ഗവർണർ സ്വീകരിച്ചിട്ടുണ്ട്. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ പട്ടേൽ കാവൽ മുഖ്യമന്ത്രിയായി തുടരും.' - രാജ്ഭവന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ചീഫ് വിപ്പ് പങ്കജ് ദേശായി പറഞ്ഞു. അതേസമയം, ശനിയാഴ്‌ച (ഡിസംബര്‍ 10) രാവിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാരുടേയും യോഗം വിളിച്ചിട്ടുണ്ടെന്നും ഈ യോഗം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീല്‍ പറഞ്ഞു. ഗവർണറുടെ നിർദേശപ്രകാരം, പുതിയ മുഖ്യമന്ത്രിയും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഘട്‌ലോഡിയയില്‍ നിന്നും പട്ടേലിന്‍റെ രണ്ടാമൂഴം: സര്‍വകാല റെക്കോഡുകളും മറികടന്ന് 156 സീറ്റുമായാണ് ഗുജറാത്തിന്‍റെ ഭരണം ഏഴാം തവണയും ബിജെപി നിലനിര്‍ത്തിയത്. ഘട്‌ലോഡിയ മണ്ഡലത്തില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും മത്സരത്തിനിറങ്ങിയ ഭൂപേന്ദ്ര പട്ടേല്‍ തൊട്ടടുത്തുള്ള സ്ഥാനാര്‍ഥിയെക്കാള്‍ 1.16 ലക്ഷത്തിന്‍റെ മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. പാട്ടീദാര്‍ ഭൂരിപക്ഷമുള്ള ഘട്‌ലോഡിയ ഇതോടെ രണ്ട് മുഖ്യമന്ത്രിമാരെ വിജയിപ്പിച്ചയച്ച മണ്ഡലം കൂടിയായി. മുന്‍പ് സര്‍ഖെജ് മണ്ഡലത്തിന്‍റെ ഭാഗമായ ഈ പ്രദേശം 2008ലാണ് ഘട്‌ലോഡിയയായി മാറുന്നത്.
തുടര്‍ന്നുണ്ടായ 2012ലെ തെരഞ്ഞെടുപ്പില്‍ ആനന്ദിബെന്‍ പട്ടേലിനെ 1.1 ലക്ഷത്തിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചാണ് മണ്ഡലം ബിജെപിയുടെ ഭാഗ്യമണ്ഡലങ്ങളിലൊന്നായി മാറുന്നത്. മാത്രമല്ല ആ തെരഞ്ഞെടുപ്പില്‍ ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്തിന്‍റെ ആദ്യ വനിത മുഖ്യമന്ത്രിയായും മാറി. പാട്ടീദാര്‍ ക്വാട്ട പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മണ്ഡലത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഭൂപേന്ദ്ര പട്ടേലിനെ 1.17 ലക്ഷത്തിന്‍റെ മിന്നും വിജയം നല്‍കിയാണ് ഘട്‌ലോഡിയ വിജയിപ്പിച്ചത്.
ഇത്തവണ ഭൂപേന്ദ്ര പട്ടേലും ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ ഘട്‌ലോഡിയ രണ്ട് മുഖ്യമന്ത്രിമാരെ സമ്മാനിച്ച മണ്ഡലം കൂടിയായി മാറി. അതേസമയം, മണ്ഡലത്തിലെ ബിജെപി മേല്‍ക്കൈ അവസാനിപ്പിക്കാന്‍ പ്രമുഖ അഭിഭാഷകനും ആക്‌ടിവിസ്‌റ്റുമായ അമിബെൻ യഗ്‌നിക്കിനെയായിരുന്നു കോണ്‍ഗ്രസ് പരീക്ഷിച്ചത്.