ഗാന്ധിനഗർ: അറുപത് വയസിന് മുകളിൽ പ്രായമുള്ള എംഎൽഎമാരോട് കൊവിഡ് വാക്‌സിൻ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വാക്‌സിനേഷൻ കൊവിഡ് പകർച്ചവ്യാധിയിൽ നിന്നും രക്ഷിക്കുമെന്നും അതിനാൽ 60 വയസിന് മുകളിൽ പ്രായമുള്ളവർ വാക്‌സിൻ എടുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്‌സിൻ സ്വീകരിച്ച ശേഷം ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ സഭയിൽ പങ്കെടുക്കാൻ എത്തി. ഭാര്യയ്‌ക്കൊപ്പമാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്.
വെള്ളിയാഴ്‌ച ഊർജമന്ത്രി സൗരഭ് പട്ടേലും കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. വ്യാഴാഴ്‌ച സർക്കാർ പുറത്തിറക്കിയ കണക്ക് പ്രകാരം ഗുജറാത്തിൽ ഇതുവരെ 60 വയസിന് മുകളിൽ പ്രായമുള്ളവരും 45 വയസിന് മുകളിൽ പ്രായമുള്ള വിവിധ അസുഖങ്ങള്‍ ഉള്ളവരും ഉൾപ്പെടെ 1.01ലക്ഷം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.