അഹമ്മദാബാദ്: ഗുജറാത്തിലെ 81 മുനിസിപ്പാലിറ്റികളിലേക്കും, 31 ജില്ലാ പഞ്ചായത്തുകളിലേക്കും, 231 താലൂക്ക് പഞ്ചായത്തുകളിലെക്കുമുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. സംസ്ഥാനത്ത് വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 3.04 കോടി പേർക്കാണ് സംസ്ഥാനത്ത് വോട്ട് ചെയ്യാനുള്ള അവകാശം ഉള്ളത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി 12 സംസ്ഥാന റിസർവ് പൊലീസ് യൂണിറ്റുകൾ, സിഎപിഎഫ് കമ്പനികൾ, 54,000 ഹോം ഗാർഡുകൾ എന്നിവരുൾപ്പെടെ 44,000 പൊലീസുകരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്.
വർഷങ്ങളായി ബിജെപിയാണ് സംസ്ഥാനത്തെ പ്രബലശക്തിയെങ്കിലും ഇന്ധനവിലക്കയറ്റവും ഭരണവിരുദ്ധവികാരവും കോൺഗ്രസിന് ഒരു തിരിച്ച് വരവിന് പ്രതീക്ഷ നൽകുന്നുണ്ട്.
2,097 മത്സരാർഥികളുള്ള ആം ആദ്മി പാർട്ടി, അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഉൽ-മുസ്ലിമീൻ (എഐഐഎം) എന്നിവ ഗോദ്ര, മൊഡാസ, ഭരൂച്ച് മുനിസിപ്പാലിറ്റികളിലെ ന്യൂനപക്ഷ ആധിപത്യ സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി തെരഞ്ഞെടുപ്പിൽ ഒരു ചലനം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.