ഗാന്ധിനഗർ: ഗുജറാത്തില്‍ ഭരണമുറപ്പിച്ച് ബിജെപി മുന്നേറ്റം. തുടർച്ചയായി ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി ഭരണത്തിലെത്തുന്നത്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതല്‍ തന്നെ കൃത്യമായ ലീഡ് നിലനിർത്തിയാണ് പ്രധാനമന്ത്രിയുെട നാട്ടില്‍ ബിജെപി മുന്നേറുന്നത്. ആകെയുള്ള 182 സീറ്റുകളില്‍ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ 130 സീറ്റുകളില്‍ ലീഡ് നിലനിർത്തിയ ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കാഴ്‌ചവെച്ചതിനേക്കാൾ മികച്ച മുന്നേറ്റം നടത്തി.
92 സീറ്റുകളാണ് ഗുജറാത്തില്‍ കേവലഭൂരിപക്ഷത്തിനായി വേണ്ടത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭൂപേന്ദ്രഭായി പട്ടേല്‍ അടക്കം എല്ലാ ബിജെപി നേതാക്കളും മുന്നിലാണ്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസ് 48 സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്.
ഏറെ പ്രതീക്ഷയോടെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്‌മി പാർട്ടിക്ക് നാല് സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിർത്താനായത്. മറ്റുള്ളവർ രണ്ട് സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ ബിജെപി സർക്കാരുടെ പ്രതിരോധത്തിലാക്കിയ പട്ടേല്‍ സമുദായം അടക്കമുള്ളവരെ ഒപ്പം നിർത്തിയാണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഭരണവിരുദ്ധ തരംഗത്തെ മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് എത്തിയാണ് പ്രചാരണം നയിച്ചതും. അതിന്‍റെ ഗുണമാണ് ബിജെപിക്ക് ലഭിച്ചതെന്നാണ് വിലയിരുത്തല്‍.