ഗാന്ധിനഗർ: സൗരാഷ്‌ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിൽ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ ഒന്നിന്. നിർണായകമായ 89 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. എഎപിയും മോർബി ദുരന്തവും പ്രതിസന്ധികളായി മുന്നിലുണ്ടെങ്കിലും നൂറ് ശതമാനം വിജയ പ്രതീക്ഷയിലാണ് ബിജെപി.
ഗുജറാത്തിലെ 15ാം നിയമസഭയിലെ 182 അംഗങ്ങളിൽ 89 സീറ്റുകളിലേയ്‌ക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്ന് വ്യാഴാഴ്‌ചയും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ അഞ്ച് തിങ്കളാഴ്‌ചയുമാണ് നടക്കുക. ഡിസംബർ എട്ട് വ്യാഴാഴ്‌ചയാണ് ഫല പ്രഖ്യാപനം. മോർബി ദുരന്തത്തെ മുൻ നിർത്തി ആം ആദ്‌മി പാർട്ടി എത്രമാത്രം മുന്നേറും എന്നത് ബിജെപിയ്‌ക്ക് നിലവിൽ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.
സൗരാഷ്‌ട്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമായ മോർബിയിൽ 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കു പാലം തകർന്നുണ്ടായ ദുരന്തം ഭരണ കക്ഷിയായ ബിജെപിയ്‌ക്ക് തെരഞ്ഞെടുപ്പ് സമയത്ത് വലിയ തിരിച്ചടിയായിരുന്നു. ഗുജറാത്തിൽ മോർബിയും സമീപ ജില്ലകളും പട്ടേൽ സമുദായത്തിന്‍റെ ശക്തികേന്ദ്രങ്ങളായതിനാൽ ഇവരെ കൂടെ നിർത്താനുള്ള ശ്രമം ബിജെപി വളരെ കാര്യമായി തന്നെ നടത്തിവന്നിരുന്നു. നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഇതേ സമുദായത്തിൽ നിന്നുള്ളയാളാണ്.
2017ലെ തെരഞ്ഞെടുപ്പിൽ കാർഷിക മേഖലയായ സൗരാഷ്‌ട്രയിൽ ആകെയുള്ള 48 സീറ്റിൽ 28ഉം കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. ഈ പ്രദേശം കോൺഗ്രസിന്‍റെ ശക്തികേന്ദമായി കാണുന്നതിനാൽ രണ്ടാം ഘട്ട വോട്ടെടുപ്പിനേക്കാൾ ആദ്യ ഘട്ടം ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായകവും പ്രാധാന്യമുള്ളതുമാണ്. അതേസമയം ദുർബലമായ കോൺഗ്രസിന്‍റെ വിജയ പ്രതീക്ഷ വിദൂരമാണെന്നാണ് ബിജെപിയുടെ വാദം.