ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ കൊവിഡ് അനുബന്ധ അവശ്യവസ്‌തുക്കൾക്ക് നികുതി നിരക്ക് കുറയ്‌ക്കാൻ ചരക്ക് സേവന നികുതി (ജിഎസ്‌ടി) കൗൺസിൽ തീരുമാനമായി. എന്നിരുന്നാലും വാക്‌സിനുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് ശതമാനം നികുതി നിരക്ക് മാറ്റമില്ലാതെ നിലനിർത്തുമെന്നും കൗൺസിൽ അറിയിച്ചു. ശനിയാഴ്‌ച വീഡിയോ കോൺഫറൻസ് വഴി ചേർന്ന 44ാമത് ജിഎസ്‌ടി യോഗത്തിലാണ് തീരുമാനം.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആംബുലൻസുകളുടെ ജിഎസ്ടി നിരക്ക് നിലവിലെ 28 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറച്ചതായി അറിയിച്ചു. കൂടാതെ വൈദ്യുത ചൂളകളുടെയും താപനില പരിശോധന ഉപകരണങ്ങളുടെയും നികുതി നിരക്കും അഞ്ച് ശതമാനമായി കുറയ്‌ക്കാൻ കൗൺസിൽ തീരുമാനമായി.
വാക്‌സിനുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നികുതി നിരക്കും വെട്ടിച്ചുരുക്കണമെന്ന് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. അതേസമയം റെംഡെസിവിറിനുള്ള 12 ശതമാനം നികുതി അഞ്ച് ശതമാനമായി കുറയ്‌ക്കാനും ടോസിലിസുമാബിനും ആംഫോട്ടെറിസിനുമുള്ള നികുതി കുറയ്ക്കാനും കൗൺസിൽ അംഗീകാരം നൽകി.
സംസ്ഥാന സർക്കാരുകളുടെ ശുപാർശകൾ കൗൺസിൽ അംഗീകരിച്ചതായും പുതിയ നിരക്കുകൾ സെപ്റ്റംബർ അവസാനം വരെ സാധുതയുള്ളതാണെന്നും ധനമന്ത്രി പറഞ്ഞു. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Read more: ജിഎസ്‌ടി കൗൺസിൽ യോഗം ആരംഭിച്ചു; വാക്‌സിൻ നികുതി നിരക്കിൽ ഇളവ് വരുത്തുമെന്ന് പ്രതീക്ഷ