ന്യുഡല്‍ഹി: കൊവിഡ് മരണങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ ശ്മശാനങ്ങള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലയിടങ്ങളിലും ആവശ്യമായ സജീകരണങ്ങളില്ല. കൊവിഡ് സംശയിക്കുന്നതും, സ്ഥിരീകരിച്ചതുമായ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 1 മുതല്‍ 13 വരെയുള്ള കാലയളവില്‍ 409 പേരാണ് രോഗം ഭാധിച്ച് മരണപ്പെട്ടത്.
മാര്‍ച്ചില്‍ ഇത് 117ഉം, ഫെബ്രുവരിയിൽ 57ഉം ആയിരുന്നു. മരണനിരക്കിന്‍റെ ഗണ്യമായ വർധനവ് ഡല്‍ഹിയിലെ ശ്മശാനങ്ങള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറച്ചു. തലസ്ഥാനത്തെ ചില പ്രാദേശിക ശ്മശാനത്തിൽ നേരത്തെ 7 മുതൽ 8 വരെ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചത് മുതല്‍ ഇത് ഇരട്ടിയിലധികമായി വര്‍ധിച്ചു.
Also Read: ഡല്‍ഹിയില്‍ ഓക്സിജന്‍ സിലിണ്ടറുകളും മരുന്നുകളും കരിഞ്ചന്തയില്‍ ഒഴുകുന്നു: സര്‍ക്കാരിനെതിരെ ഹൈക്കോടതി
രണ്ട് മണിക്കൂറിലധികം കാത്തുനിന്നതിന് ശേഷമാണ് തന്‍റെ അമ്മാവന്‍റെ ശവസംസ്കാരം നടത്താന്‍ സാധിച്ചതെന്ന് ദിൽഷാദ് ഗാർഡനിൽ നിന്ന് വന്ന മുഹ്താഷിം ഇടിവി ഭാരതിനോട് പറഞ്ഞു. കഴിഞ്ഞ 2 മണിക്കൂറിനിടെ ഏകദേശം 10 മൃതശരീരങ്ങളെങ്കിലും സംസ്കരിച്ചതായും, പിപിഇ കിറ്റ് ധരിച്ച് ഈ ചൂടത്ത് നില്‍ക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ് കേസുകളിൽ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്ത് കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, മരുന്നുകൾ എന്നിവയുടെ കാര്യത്തില്‍ കടുത്ത ക്ഷാമം നേരിടുന്നുണ്ട്.