ഹൈദരാബാദ്: അമ്മയും സഹോദരിയും ചേര്‍ന്ന് തന്‍റെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയതായി യുവതിയുടെ പരാതി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ മിയാപ്പൂരിലെ ക്ലിനിക്കില്‍ ഡോക്ടറായി ജോലി ചെയ്യുന്ന രൂഹി എന്ന യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മോചന ദ്രവ്യമായി 30 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും യുവതി പൊലീസില്‍ പരാതി നല്‍കി.
രൂഹിയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ശേഷം ഇവര്‍ സഹോദരിക്കും അമ്മയ്ക്കും ഒപ്പം മിയാപ്പൂരില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡോ. രൂഹി വീട്ടിലെത്തിയപ്പോള്‍ കുട്ടികളേയും മാതാവിനേയും സഹോദരിയേയും സര്‍ട്ടിഫിക്കറ്റുകളും കാണാനില്ലായിരുന്നു. ഇതോടെ ഹൈദരാബാദിലുള്ള ഇവരുടെ ബന്ധുക്കളുടെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
Also Read: മനസിലും വീട്ടുമുറ്റത്തും ഭക്തി നൈവേദ്യം, ആറ്റുകാല്‍ പൊങ്കാലയിട്ട് ഭക്തലക്ഷങ്ങൾ: video
ഇതിനിടെ ഇരുവരും കുട്ടികളുമൊത്ത് ഖമ്മം ജില്ലയിലെ സത്തുപ്പള്ളിയിലെ തങ്ങളുടെ സ്വന്തം വീട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചു. ഇതോടെ രൂഹി സത്തുപ്പള്ളിയിലേക്ക് പുറപ്പെട്ടു. ഇവിടെ എത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.
ബന്ധുക്കളുടെ വക ആക്രമണവും
എന്നാല്‍ ഇവര്‍ സഞ്ചരിച്ച കാര്‍ രൂഹി അവിടെ കണ്ടിരുന്നു. അടുത്തുള്ള ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും ഇവരെത്തി രൂഹിയെ ആക്രമിച്ചെന്നും പരാതിയിലുണ്ട്.
ഇവര്‍ രൂഹിയുടെ ഫോണും പണവും സ്വര്‍ണവുമെല്ലാം കവര്‍ന്നു. ഇവിടെ നിന്നും രക്ഷപെട്ട രൂഹി തിരികെ ഹൈദരാബാദിലെത്തി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിനിടെ രൂഹി പലതവണ മാതാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല.
ഇതിനിടെയാണ് ബന്ധുക്കള്‍ വഴി മാതാവ് 30 ലക്ഷം രൂപ തന്നാല്‍ കുട്ടികളെ വിട്ടുനല്‍കാമെന്ന് അറിയിച്ചത്. കുട്ടികളെ വിട്ടുകിട്ടുമെന്ന പ്രതീക്ഷയില്‍ പൊലീസില്‍ ഡോക്ടര്‍ പരാതിപ്പെട്ടിരുന്നില്ല. മോചന ദൃവ്യം ആവശ്യപ്പെട്ടതോടെയാണ് പൊലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്.
ഖമ്മം പൊലീസില്‍ രൂഹി പരാതി നല്‍കിയെങ്കിലും കുട്ടികള്‍ നഷ്ടപ്പെട്ടത് മിയാപ്പൂരില്‍ വച്ചായിരുന്നതിനാല്‍ അവിടെ പരാതിപ്പെടണമെന്നായിരുന്നു പൊലീസിന്‍റെ നിര്‍ദ്ദേശം. ഇതോടെ ഇതോടെ ഹൈദരാബാദിലെത്തി പരാതി നല്‍കി. 20 ദിവസമായി തന്‍റെ കുട്ടികളെ കാണാതായിട്ടെന്നും കുട്ടികളെ കണ്ടെത്താന്‍ സഹായിക്കണമെന്നും ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
കേസ് രജിസ്റ്റര്‍ ചെയത് പൊലീസ് അന്വേഷണം ആരംഭിച്ചു. രൂഹിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.