ഹൈദരാബാദ് : ഭാഷാഭേദമന്യേ ഇന്ത്യന്‍ സിനിമകള്‍ക്ക് യഥാര്‍ഥ കാഴ്‌ചകളുടെ കരുത്തും പൊലിമയും സമ്മാനിക്കുന്ന റാമോജി ഫിലിം സിറ്റി ഒക്‌ടോബർ എട്ടു മുതൽ സഞ്ചാരികൾക്കായി വീണ്ടും തുറന്നു. ഗിന്നസ് വേൾഡ് റെക്കോഡ്‌സിൽ ഇടം നേടിയ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റിയിൽ ആദ്യ ദിവസം തന്നെ ആയിരക്കണക്ക് സഞ്ചാരികളാണ് എത്തിച്ചേർന്നത്.
സുരക്ഷയൊരുക്കി സ്വീകരണം
കർശനമായ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് സഞ്ചാരികൾക്ക് ഗംഭീര വരവേൽപ്പാണ് ഫിലിം സിറ്റി അധികൃതർ നൽകിയത്. കൊവിഡ് മഹാമാരിയുടെ തീവ്രത കുറഞ്ഞ് തുടങ്ങിയെങ്കിലും സഞ്ചാരികളുടെ ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്താൻ ഫിലിം സിറ്റി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാൻ സഞ്ചാരികൾക്ക് കർശനമായ നിർദേശം നൽകിയിട്ടുണ്ട്.
ക്യത്യമായ ഇടവേളകളിൽ ഫിലിം സിറ്റിയും പരിസരവും അണുവിമുക്‌തമാക്കുന്നുമുണ്ട്. കൂടാതെ വിനോദസഞ്ചാരികൾക്ക് ആവശ്യമായിട്ടുള്ള എന്ത് സഹായത്തിനും പ്രത്യേകം പരിശീലനം ലഭിച്ച സുരക്ഷ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
കാഴ്ചയുടെ അത്‌ഭുത ലോകം
തത്സമയ നൃത്തങ്ങൾ, വൈൽഡ് വെസ്റ്റ് സ്റ്റണ്ട് ഷോ, ബ്ലാക്ക്‌ലൈറ്റ് ഷോ, ആനിമേഷന്‍റെയും സ്റ്റേജ് പ്രകടനത്തിന്‍റെയും സംയോജനം എന്നിവയെല്ലാം സഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ്. കുട്ടികൾക്കായുള്ള എക്‌സ്‌ക്ലൂസീവ് പ്ലേ സോണുകൾ പൂർണ്ണ സുരക്ഷ സംവിധാനങ്ങളോടെയാണ് തയ്യാറാക്കിയിട്ടുള്ളത്. വലിയ ബോർഡിലെ പാമ്പും ഗോവണിയും, വിവിധ തരം വിദേശ പക്ഷി വർഗങ്ങളുള്ള ബേഡ്‌സ് പാർക്ക്, ബട്ടർഫ്ലൈ പാർക്ക് എന്നിവയെല്ലാം സന്ദർശകരെ സ്വാഗതം ചെയ്യുന്നു.
ALSO READ : റാമോജി ഫിലിം സിറ്റിക്ക് തെലങ്കാന സ്റ്റേറ്റ് ടൂറിസം അവാര്‍ഡ്
വിന്‍റേജ് ബസുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. ഇവയിലാണ് വിനോദ സഞ്ചാരികളെ സിനിമ സെറ്റുകളുടെ മായിക ലോകത്തേക്ക് എത്തിക്കുന്നത്. ഐതിഹാസികമായ ബാഹുബലി സെറ്റുകളും സഞ്ചാരികളെ വരവേൽക്കാൻ തലയെടുപ്പോടെത്തന്നെ നിൽക്കുന്നു.
കൂടാതെ സന്ദർശകർക്കായി ഫിലിം സിറ്റിയുടെ ഹോട്ടൽ സിതാര, ഹോട്ടൽ താര, വസുന്ധര വില്ല, ശാന്തിനികേതൻ, സഹാറ, ഗ്രീൻസ് ഇൻ എന്നിവിടങ്ങളിലായി ഏതു ബജറ്റിനും അനുയോജ്യമായ സ്റ്റേ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.