ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ ദേവ സ്‌നാന പൂർണിമ ഉത്സവം ആഘോഷങ്ങളില്ലാതെ നടത്തും. കൊവിഡ് രണ്ടാം തരംഗത്തിൽ ആചാരം മാത്രമായി ചുരുക്കിയാണ് ഇത്തവണ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 20 ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ദേവ സ്‌നാന പൂർണിമ.
Also read: പുരി രഥയാത്രയ്‌ക്ക് ഇത്തവണയും പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളതെന്ന് ക്ഷേത്ര ചീഫ് അഡ്‌മിനിസ്ട്രേറ്റർ ഡോ. കൃഷൻ കുമാർ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നായി 10 ലക്ഷത്തോളം ഭക്തർ പങ്കെടുക്കുന്ന ഉത്സവം ഇത്തവണ കർശന കൊവിഡ് നിയന്ത്രണങ്ങളോടെയാകും നടക്കുക.
ഭക്തർക്കായി തൽത്സമയ സംപ്രേഷണം
വാർഷിക രഥയാത്ര ജൂലൈ 12ന് നടക്കും. ക്ഷേത്രത്തിൽ കർശന പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും തിക്കും തിരക്കും തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഭക്തർക്കായി വിവധ ചാനലുകളിൽ തൽത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
പുരി ജഗന്നാഥ ക്ഷേത്രം ലോക പ്രസിദ്ധം
മേയ് അഞ്ചുമുതലാണ് ക്ഷേത്രം കൊവിഡ് മൂലം ക്ഷേത്രം അടച്ചിട്ടത്. അധികാരികള്‍ക്ക് പോലും ക്ഷേത്രത്തില്‍ കടക്കുന്നതിന് വിലക്കുണ്ടായിരുന്നു.എന്നാല്‍ ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളായ ചന്ദന്‍ യാത്ര, സ്‌നാന്‍ യാത്ര, രഥ യാത്ര എന്നിവയെല്ലാം കൃത്യമായി നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ജഗന്നാഥൻ, ബാലഭദ്ര, ദേവി സുഭദ്ര എന്നീ ദേവന്മാരുടെ ദേവ സ്‌നാനവും രഥയാത്രയുമാണ് പ്രധാന ചടങ്ങ്. കഴിഞ്ഞ വർഷം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ദേവ സ്‌നാന രഥയാത്ര സുപ്രീം കോടതി വിലക്കിയിരുന്നു. ചരിത്രത്തിൽ 284 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് അന്ന് രഥയാത്ര മുടങ്ങിയത്. 12-ാം നൂറ്റാണ്ടിലെ ക്ഷേത്രം എന്ന നിലക്ക് ലോക പ്രസിദ്ധമാണ് പുരി ജഗന്നാഥ ക്ഷേത്രം.