ന്യൂഡല്‍ഹി: കുട്ടികൾക്കും കൗമാരക്കാർക്കും കൊവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന കാര്യത്തിൽ ശാസ്‌ത്രീയ വശങ്ങളും വാക്‌സിന്‍ വിതരണവും പരിശോധിച്ച ശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ എന്ന് മുതല്‍ ആരംഭിയ്ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ വി.കെ പോള്‍ പറഞ്ഞു.
സൈകോവ്-ഡി കൊവിഡ് വാക്‌സിന്‍ ഉടൻ വിപണിയില്‍
മുതിർന്നവർക്കുള്ള വാക്‌സിനേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായ കൊവാക്‌സിന്‍ കുട്ടികൾക്ക് നൽകുമ്പോള്‍ വാക്‌സിന്‍റെ സമഗ്രത പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷൻ പ്രോഗ്രാമിൽ സൈകോവ്-ഡി കൊവിഡ് വാക്‌സിന്‍ ഉൾപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പ് നടക്കുകയാണ്. വാക്‌സിന്‍ ഉടൻ വിപണിയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്‌ഫുട്‌നിക് വി എന്നി മൂന്ന് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. മൂന്ന് വാക്‌സിനുകളും രണ്ട് ഡോസ് വീതമാണ് വിതരണം ചെയ്യുന്നത്. രാജ്യത്ത് 12-18 വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി സിഡസ് കാഡില ഡിഎൻഎ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച സൈകോവ്-ഡിയാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ അനുമതി ലഭിച്ച ആദ്യ വാക്‌സിന്‍.
2-18 വയസ് വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി ചില നിബന്ധനകളോടെ ഭാരത് ബയോടെക്കിന്‍റെ കോവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ഇന്ത്യയുടെ സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ വിദഗ്‌ധ സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ചാൽ, 18 വയസിന് താഴെയുള്ളവരുടെ ഉപയോഗത്തിനായി അടിയന്തര അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാകും കൊവാക്‌സിന്‍.
അതേസമയം, രാജ്യത്ത് കൊവിഡ് രോഗബാധ കുറയുന്നതും രണ്ടാം തരംഗത്തിന് ശമനമുണ്ടായതിന്‍റേയും അടിസ്ഥാനത്തില്‍ മാത്രം നിലവിലെ പ്രതിസന്ധി അവസാനിച്ചുവെന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളും രണ്ടില്‍ കൂടുതല്‍ കൊവിഡ് തരംഗങ്ങള്‍ നേരിട്ടുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഉത്സവങ്ങളും ഒത്തുകൂടലുകളും രോഗവ്യാപനം വര്‍ധിപ്പിയ്ക്കാന്‍ സാധ്യതയുണ്ടെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ മുന്നറിയിപ്പ് നല്‍കി.
Also read: സൈഡസ് കാഡില വാക്‌സിൻ സെപ്റ്റംബറില്‍ വിപണിയിലെത്തും