ന്യൂഡല്‍ഹി : കൊവിഡ് അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറാണോ എന്ന് പരിശോധിക്കാനായി രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ ഡിസംബര്‍ 27ന് മോക്ക്‌ഡ്രില്‍ നടത്തും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ഡവ്യയും ഈ മോക്ക്ഡ്രില്ലില്‍ പങ്കാളിയാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന്‍റെ പശ്ചാത്തലത്തിലാണ് ആശുപത്രികളില്‍ മോക്ക്‌ഡ്രില്‍ നടത്തുന്നത്.
കൊവിഡ് സാമ്പിളുകളുടെ ജനിതകശ്രേണീകരണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ഡിസംബര്‍ 20ന് നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ കൊവിഡ് സാഹചര്യവും പൊതു ആരോഗ്യ സംവിധാനത്തിന്‍റെ, രോഗം നിയന്ത്രിക്കാനുള്ള ശേഷിയും വിലയിരുത്താനായി ഡിസംബര്‍ 21ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേര്‍ന്നിരുന്നു.
വ്യാഴാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗവും കൊവിഡില്‍ അലംഭാവം വെടിഞ്ഞ് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. നിരീക്ഷണവും പരിശോധനയും വര്‍ധിപ്പിക്കാനും ജനിതക ശ്രേണീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗം നിര്‍ദേശിച്ചു. കൊവിഡ് സാഹചര്യം നേരിടാനായി ആശുപത്രികളെ സജ്ജമാക്കാനും മാസ്‌കുകള്‍ ധരിക്കുന്നത് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രായമായവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.ഇതിനിടെ പരിഷ്‌കരിച്ച യാത്രാമാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുമുണ്ട്. അന്താരാഷ്‌ട്ര യാത്രക്കാരില്‍ 2ശതമാനത്തിന് റാന്‍ഡം പരിശോധന നടത്തുന്നത് ഈ ശനിയാഴ്‌ച മുതല്‍ ആരംഭിക്കും. റാന്‍ഡം പരിശോധനയുടെ ചാര്‍ജ് യാത്രക്കാരില്‍ നിന്നാണ് ഈടാക്കുക.