ന്യൂഡൽഹി: കർഷകരുടെ ട്രാക്ടർ റാലിയിൽ നടന്ന അക്രമ സംഭവങ്ങളിൽ എൻഡിഎ സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമ സംഭവങ്ങളുടെ മറപിടിച്ച് ബിജെപി സർക്കാർ കർഷകരുടെ ആവശ്യം പരിഗണിക്കുന്നില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ഉണ്ടായ അക്രമങ്ങൾ പ്രസ്ഥാനത്തെ അടിച്ചമർത്താനുള്ള ഉപകരണമായി സർക്കാർ കാണുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
പൊലീസ് നിശ്ചിയിച്ച റൂട്ടിലാണ് കർഷകർ ട്രാക്ടറുമായി റാലി നടത്തിയതെന്നും ഏതാനം ചിലർ മാത്രമാണ് റൂട്ട് മാറ്റി യാത്ര ചെയ്തതെന്നും ഇവരാണ് അക്രമ സംഭവങ്ങൾ അഴിച്ച് വിട്ടതെന്നും യെച്ചൂരി പറഞ്ഞു. പൊലീസ് നിശ്ചയിച്ച് നൽകിയ വഴിയിലൂടെ റാലി നടത്തിയവർ സമാധാനപരമായാണ് റാലി നടത്തിയതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. ചെങ്കോട്ട ആക്രമിക്കുകയും അവിടെ കൊടി ഉയർത്തുകയും ചെയ്തവർക്ക് മുമ്പ് ബിജെപിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
സർക്കാരുമായി ചർച്ച നടത്തി സമാധാനമായി റാലി നടത്തിയ കർഷകർക്കെതിരെയാണ് 25 എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും കലാപത്തിന് പ്രേരിപ്പിച്ചവരും അക്രമങ്ങൾ അഴിച്ച് വിട്ടവരും പുറത്ത് വിലസുകയാണെന്നും യെച്ചൂരി ആരോപിച്ചു.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ടുള്ള എഫ്‌ഐആറിൽ സ്വരാജ് ഇന്ത്യ പ്രസിഡന്‍റ് യോഗേന്ദ്ര യാദവ്, സാമൂഹിക പ്രവർത്തക മേധാ പട്കർ, ഭാരതീയ കിസാൻ യൂണിയന്‍റെ ഹരിയാന യൂണിറ്റ് പ്രസിഡന്‍റ് ഗുർനം സിംഗ് ചന്തുനി എന്നിവരുൾപ്പെടെ 37 കർഷക നേതാക്കളെ ഡല്‍ഹി പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
അവിക് സാഹ, ജയ് കിസാൻ ആന്ദോളൻ, ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കൈറ്റ്, ദർശൻ പാൽ സിംഗ്, സത്‌നം സിംഗ് പന്നു, ബൂട്ടാ സിംഗ് ബുർജിൽ, ജോഗീന്ദർ സിംഗ് ഉഗ്രാഹ എന്നിവർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപം സൃഷ്ടിക്കല്‍, ക്രിമിനല്‍ ഗൂഡാലോചന, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.