ന്യൂഡല്‍ഹി: കാലം തെറ്റിയുള്ള മഴ വരാന്‍ പോകുന്ന ഖാരിഫ് സീസണില്‍ രാജ്യത്തെ ഉള്ളിയുടെ വിളവില്‍ നാമമാത്രമായ കുറവെ വരുത്തുകയുള്ളൂ എന്ന് കേന്ദ്ര സര്‍ക്കാര്‍. വരും ആഴ്‌ചകളില്‍ ഉള്ളിയുടെ വില രാജ്യത്ത് വര്‍ധിക്കില്ല. വിപണിയില്‍ ഉളളിയുടെ ലഭ്യതയില്‍ കുറവ് വരികയാണെങ്കില്‍ അത് പരിഹരിക്കാനുള്ള ബഫര്‍ ശേഖരം രാജ്യത്ത് ഉണ്ടെന്നും കേന്ദ്ര ഉപഭോക്തൃ മന്ത്രാലയ സെക്രട്ടറി റോഹിത് കുമാര്‍ സിങ് പറഞ്ഞു.
പയറുവര്‍ഗങ്ങളുടെ വിലയിലും ഡിസംബര്‍ വരെ സ്ഥിരതയുണ്ടാവും. രാജ്യത്ത് ഉള്ളിയുടെ ഉത്‌പാദനത്തിന്‍റെ 45ശതമാനം ഖാരിഫ് സീസണിലാണ്. 65ശതമാനം ഉത്‌പാദനം റാബി സീസണിലാണ്. ഈ വര്‍ഷം ഉള്ളിയുടെ വിലയില്‍ കാര്യമായ ഏറ്റക്കുറച്ചിലുണ്ടായിട്ടില്ല.
ഇതിന് കാരണം 2021-22 കാര്‍ഷിക വര്‍ഷത്തിലെ റാബി സീസണിലെ റെക്കോഡ് വിളവെടുപ്പും കൂടാതെ 2.5 ലക്ഷം ടണ്ണിന്‍റെ ബഫര്‍ ശേഖരവുമാണ്. ആവശ്യാനുസരണം നാഫെഡ് വഴി ശേഖരിച്ച ഉള്ളി വിപണിയില്‍ ഇറക്കുന്നുണ്ട്. രാജ്യത്തിന്‍റെ ഏത് മേഖലയിലാണോ ദേശീയ ശരാശരിയേക്കാള്‍ ഉള്ളിയുടെ വില കൂടുതല്‍ അവിടെ ശേഖരത്തില്‍ നിന്ന് ഇറക്കി വില കുറയ്‌ക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 54,000 ടണ്‍ ഉള്ളി ദേശീയ ബഫര്‍ ശേഖരത്തില്‍ നിന്നും ഇതുവരെ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മറ്റ് സഹകരണ ഏജന്‍സികള്‍ക്കും ക്വിന്‍റലിന് എണ്ണൂറ് രൂപ നിരക്കിലാണ് ബഫര്‍ ശേഖരത്തില്‍ നിന്നും ഉള്ളി ലഭ്യമാക്കുന്നത്. ധാന്യങ്ങളുടെ ബഫര്‍ ശേഖരം 43.82 ലക്ഷം ടണ്ണാണ്. ഇത് വില സ്ഥിരത കൈവരിക്കാന്‍ പര്യാപ്‌തമാണ്. ധാന്യങ്ങളുടെ വില സര്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
വ്യാപാരികള്‍ പൂഴ്‌ത്തിവയ്‌ക്കുന്ന സാഹചര്യം ശ്രദ്ധയില്‍പെട്ടാല്‍ അവശ്യ വസ്‌തു നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ തലത്തിലും സംസ്ഥാന സര്‍ക്കാര്‍ തലത്തിലും നടപടി സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ശരാശരി ഉള്ളിവില ഈ വര്‍ഷം 28 ശതമാനം കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ആദ്യം മുതല്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ധാന്യങ്ങളുടെ ചില്ലറവില ഏറെക്കുറെ സ്ഥിരത കൈവരിക്കുന്നുണ്ടെന്നും റോഹിത് കുമാര്‍ സിങ് പറഞ്ഞു.