ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാൻ രാജ്യത്തെ മുഴുവൻ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെയ്പ് നൽകുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ട ആവശ്യമില്ലെന്നും, വിശദമായ ചര്‍ച്ച നടത്തിയാണ് ഇത്തരം ശാസ്‌ത്രീയ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
കൊവിഡ് വ്യാപനം തടയുക എന്നത് തന്നെയാണ് ലക്ഷ്യം. അതിന് സമ്പര്‍ക്ക രോഗവ്യാപനം ഇല്ലതാകണം. ആ ശൃംഖല തകര്‍ക്കുക എന്നതാണ് പ്രധാനം. ഗുരുതരമായ രോഗമുള്ളവര്‍ക്ക് മരുന്ന് നല്‍കി വ്യാപനം തടയാനാണ് നിലവിലെ പദ്ധതി. അതും വാക്‌സിന്‍റെ ഫലപ്രാപ്‌തി അറിഞ്ഞതിന് ശേഷമെ പൂര്‍ണമായി നടപ്പിലാക്കാനാകു. അതുവഴി കൊവിഡ് വ്യാപനം തടയാനായാല്‍ എല്ലാ ജനങ്ങള്‍ക്കും കൊവിഡ് പ്രതിരോധ മരുന്ന് നല്‍കേണ്ടതില്ല " - രാജേഷ് ഭൂഷണ്‍ പറഞ്ഞു.
വൈറസിന്‍റെ വ്യാപനം തടയുന്നതിൽ മാസ്കുകളുടെ പങ്ക് വളരെ പ്രധാനമാണെന്നും മരുന്ന് വിതരണത്തിന് ശേഷവും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറം ഇൻസ്‌റ്റിറ്റ്യൂട്ടിലെ കൊവിഡ് വാക്സിൻ പരിശോധനയില്‍ വിപരീത ഫലമുണ്ടായതിലും രാജേഷ് ഭൂഷണ്‍ പ്രതികരിച്ചു. വിപരീത ഫലം റിപ്പോര്‍ട്ട് ചെയ്‌തത് മരുന്ന് പരീക്ഷണത്തിന്‍റെ നടപടികളെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡാറ്റാ സേഫ്‌റ്റി മോണിറ്ററിങ് ബോർഡ് പരീക്ഷണത്തിന്‍റെ ദൈനംദിന പുരോഗതി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പ്രതികൂല ഫലം വന്ന സംഭവത്തിന് വാക്സിനേഷനുമായി ബന്ധമുണ്ടോയെന്നതില്‍ പരിശോധന നടക്കുണ്ടെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.