ന്യൂഡൽഹി: രാജ്യത്ത് ഓണ്‍ലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഹെൽപ്‌ലൈൻ നമ്പർ ആരംഭിച്ച് കേന്ദ്ര സർക്കാർ. വ്യാഴാഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഹെൽൽലൈൻ നമ്പർ പുറത്തിറക്കിയത്. 155260 ആണ് ഹെൽപ്‌ലൈൻ നമ്പർ.
Also Read:രാജ്യത്ത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചരുടെ എണ്ണം 5 കോടി പിന്നിട്ടു
തുടക്കത്തിൽ ഏഴു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഹെൽലൈൻ സേവനം ലഭ്യമാവുക. താമസിയാതെ സേവനം രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് അമിത് ഷാ അറിയിച്ചു. സേവനം ആദ്യം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെട്ടിട്ടില്ല. നിലവിൽ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്‌ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങലിലാണ് സേവനം ലഭ്യമാവുക.
സേവനം ലഭ്യമാകാത്ത സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്‍റെ( (https://cybercrime.gov.in/) സേവനം തേടാവുന്നതാണ്.
ഹെൽപ്പ്ലൈൻ നമ്പറിന്‍റെ പ്രവർത്തനം
സൈബർ തട്ടിപ്പിന് ഇരയായവർക്ക് 155260 എന്ന ഹെൽപ്പ്ലൈൻ നമ്പറിലൂടെ സംസ്ഥാന പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. പരാതി ലഭിച്ചുകഴിഞ്ഞാൽ പൊലീസ് വിളിച്ചയാളുടെ വിവരങ്ങൾ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ്‌സ് റിപ്പോർട്ടിംഗ് & മാനേജ്മെന്‍റ് സിസ്റ്റത്തിൽ രേഖപ്പെടുത്തും. ഈ വിവരങ്ങൾ ബന്ധപ്പെട്ട ബാങ്കുകൾക്ക് നൽകും.
ബാങ്ക് ബന്ധപ്പെട്ട അക്കൗണ്ടിൽ നിന്ന് കൂടുതൽ പണം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. തുടർന്ന് നഷ്ടപ്പെട്ട പണം മറ്റേതെങ്കിലും അക്കൗണ്ടിലേക്കോ ബാങ്കിലേക്കോ മാറ്റിയിട്ടുണ്ടെങ്കിൽ അതിന്‍റെ വിവരങ്ങൾ ശേഖരിച്ച് പണം നഷ്ടപ്പെട്ട അക്കൗണ്ടിലേക്ക് തിരികെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.