ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര എണ്ണ വില വര്‍ധിച്ച സാഹചര്യത്തില്‍ ആഭ്യന്തരമായി ഉത്‌പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനും ഡീസൽ, എടിഎഫ് എന്നിവയുടെ കയറ്റുമതിക്കും ഈടാക്കുന്ന വിൻഡ് ഫാൾ ലാഭനികുതി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി) പോലുള്ള കമ്പനികൾ ഉത്‌പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്‍റെ ലെവി ടണ്ണിന് 1,900 രൂപയിൽ നിന്ന് 5,050 രൂപയായി വർധിപ്പിച്ചതായി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ഡീസൽ കയറ്റുമതിയുടെ നികുതി ലിറ്ററിന് അഞ്ച് രൂപയിൽ നിന്ന് 7.5 രൂപയായും എടിഎഫിന്‍റെ വിദേശ കയറ്റുമതിയുടെ നികുതി ലിറ്ററിന് 3.5 രൂപയിൽ നിന്ന് ആറ് രൂപയായും സർക്കാർ ഉയർത്തി. ഫെബ്രുവരി നാല് മുതലാണ് പുതിയ നികുതി നിരക്കുകൾ നിലവിൽ വന്നത്.
ആഭ്യന്തര ക്രൂഡ് ഓയിൽ, ഇന്ധന കയറ്റുമതി എന്നിവയുടെ ലെവി കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ. ആഗോള എണ്ണവില കുറഞ്ഞതിനെ തുടർന്ന് ജനുവരി 17ന് നടന്ന അവസാന രണ്ടാഴ്‌ചത്തെ അവലോകനത്തിലാണ് നികുതി നിരക്ക് കുറച്ചത്. അതിനുശേഷം അന്താരാഷ്‌ട്ര എണ്ണവില ഉയര്‍ന്നതിനാല്‍ വിൻഡ് ഫാൾ ടാക്‌സിന്‍റെ വർധനവ് ആവശ്യമായി വന്നു.
കഴിഞ്ഞ രണ്ടാഴ്‌ചയിലെ ശരാശരി എണ്ണവിലയെ അടിസ്ഥാനമാക്കി ഓരോ രണ്ടാഴ്‌ച കൂടുമ്പോഴും നികുതി നിരക്കുകൾ അവലോകനം ചെയ്യും. ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറി കോംപ്ലക്‌സ് നടത്തുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും റോസ്നെഫ്റ്റ് പിന്തുണയുള്ള നയാര എനർജിയും രാജ്യത്തെ ഇന്ധന കയറ്റുമതിക്കാരുടെ പട്ടികയില്‍ ഒന്നാമതാണ്.
എണ്ണ ഉത്‌പാദകര്‍ക്ക് ബാരലിന് 75 ഡോളർ എന്ന പരിധിക്ക് മുകളിൽ ലഭിക്കുന്ന ലാഭത്തിന് സർക്കാർ നികുതി ചുമത്തുന്നു. വിദേശ കയറ്റുമതിയിൽ റിഫൈനർമാർ നേടുന്ന മാർജിനുകൾ അടിസ്ഥാനമാക്കിയാണ് ഇന്ധന കയറ്റുമതിയുടെ ലെവി. ഈ മാർജിനുകൾ പ്രാഥമികമായി അന്താരാഷ്‌ട്ര എണ്ണ വിലയും ചെലവും തമ്മിലുള്ള വ്യത്യാസമാണ്.