ന്യൂഡൽഹി: കുട്ടികളെ ലക്ഷ്യമാക്കിയുള്ള തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾ നിയന്ത്രിക്കാൻ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ഉപഭോക്തൃ കാര്യ മന്ത്രാലയം. ആരോഗ്യ-പോഷകാഹാര മികവിനെക്കുറിച്ച് തെറ്റായ അവകാശ വാദങ്ങൾ പരസ്യങ്ങളിലൂടെ ഉന്നയിക്കുന്നതിൽ നിന്ന് കമ്പനികളെ വിലക്കുന്നതിനായാണ് വിശദമായ മാർഗ നിർദേശങ്ങൾ ഉപഭോക്തൃ കാര്യ മന്ത്രാലയം പുറത്തിറക്കിയത്.
'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയലും പരസ്യ മാർഗനിർദേശങ്ങൾ അംഗീകരിക്കുന്നതിന് ആവശ്യമായ ജാഗ്രതയും, 2022' എന്നതിന് കീഴിൽ കുട്ടികളെ ലക്ഷ്യം വയ്‌ക്കുന്ന പരസ്യങ്ങൾക്കായി 19 വ്യവസ്ഥകളാണ് പുറത്തിറക്കിയിട്ടുള്ളത്. പുതിയ മാർഗ നിർദേശങ്ങൾ ഇന്ന്(ജൂണ്‍ 10) മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ലംഘനമുണ്ടായാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിലായിരിക്കും നടപടി സ്വീകരിക്കുക.
വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ ശുപാർശയെ തുടർന്നാണ് കുട്ടികളെ ലക്ഷ്യമാക്കിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാൻ വിപുലമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയത്. പ്രത്യേകമായി കുട്ടികളെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ പരിഗണിക്കേണ്ട വിവിധ ഘടകങ്ങളാണ് മാർഗ നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരു അംഗീകൃത ബോഡി ശാസ്‌ത്രീയമായ തെളിവുകൾ നൽകാതെ എന്തെങ്കിലും ആരോഗ്യപരമോ പോഷകപരമോ ആയ അവകാശവാദങ്ങളോ ആനുകൂല്യങ്ങളോ വാഗ്‌ദാനം ചെയ്‌താൽ ആ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതായി കണക്കാക്കും.
- കുട്ടികളിൽ നെഗറ്റീവ് ബോഡി ഇമേജ് വളർത്തിയെടുക്കുക, അല്ലെങ്കിൽ കുട്ടികൾ ഉപയോഗിക്കുന്ന പ്രകൃതിദത്തമോ പരമ്പരാഗതമോ ആയ ഭക്ഷണത്തെക്കാൾ മികച്ചതാണ് തങ്ങളുടെ ഉത്‌പന്നങ്ങൾ എന്ന ധാരണ നൽകുകയോ ചെയ്‌താൽ അവയെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളായി കണക്കാക്കും.
- കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഹാനികരമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുകയോ, മാർക്കറ്റ് ചെയ്യുന്ന ഉത്‌പന്നം ഉപയോഗിച്ചാൽ സാധാരണ ഒരു കുട്ടിക്ക് നേടാനാകുന്നതിൽ അധികം കാര്യങ്ങൾ സ്വന്തമാക്കാൻ സാധിക്കും എന്ന് കാണിക്കുകയോ ചെയ്‌താൽ അവയെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളായി കണക്കാക്കും.
- കുട്ടികളെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങളിൽ, ആ ഉത്‌പന്നത്തിന്‍റെ ഉപഭോഗം ബുദ്ധിശക്തിയോ ശാരീരിക ശേഷിയോ വർധിപ്പിക്കുന്നതിൽ സ്വാധീനം ചെലുത്തുമെന്ന് സാധുവായ തെളിവുകളോ മതിയായ ശാസ്‌ത്രീയ തെളിവുകളോ ഇല്ലാതെ അവകാശപ്പെടരുത്.
- തെറ്റായ ഉത്‌പന്നങ്ങൾ വാങ്ങാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതിനായി ഉത്‌പന്നത്തോടൊപ്പം സമ്മാനങ്ങൾ വാഗ്‌ദാനം ചെയ്യുന്നതോ, യുക്തിരഹിതമായി ഉപഭോക്‌താവിനെ ഉത്‌പന്നം വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതോ ആയ പരസ്യങ്ങളെ നിരുത്സാഹപ്പെടുത്തണം.
- ചാരിറ്റി ആവശ്യങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കുന്ന ഏതൊരു പരസ്യത്തിലും കുട്ടികളുടെ പങ്കാളിത്തം ആ ചാരിറ്റി പ്രവർത്തനങ്ങൾക്ക് എത്രത്തോളം സഹായകമാകുമെന്ന് വിശദീകരിക്കണം.
കുട്ടികൾക്കായുള്ള പരസ്യങ്ങളെ കൂടാതെ ബെയ്‌റ്റ് പരസ്യങ്ങൾ (ഓഫർ, ഡിസ്‌കൗണ്ട്), സറോഗേറ്റ് പരസ്യങ്ങൾ (പരോക്ഷ പരസ്യങ്ങൾ), സൗജന്യ ക്ലെയിം പരസ്യങ്ങൾ എന്നിവയിലും പുതിയ മാർഗനിർദേശത്തിൽ വ്യക്തത നൽകുന്നുണ്ട്. സറോഗേറ്റ് പരസ്യങ്ങൾ സർക്കാർ നിരോധിച്ചപ്പോൾ ബെയ്‌റ്റ് പരസ്യങ്ങളും സൗജന്യ ക്ലെയിം പരസ്യങ്ങളും നൽകുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകളും പുറത്തിറക്കി. കൂടാതെ നിർമാതാവ്, സേവന ദാതാവ്, പരസ്യദാതാവ്, പരസ്യ ഏജൻസി എന്നിവരുടെ പ്രത്യേക ചുമതലകളും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.