ന്യൂഡല്‍ഹി: ഫേസ്‌ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും മറ്റ് ഇന്‍റര്‍നെറ്റ് അധിഷ്‌ഠിത ഫോറങ്ങള്‍ക്കും എതിരായ പരാതികള്‍ പരഹരിക്കുന്നതിനായി കേന്ദ്രം മൂന്ന് പരാതി പരിഹാര ഉന്നതധികാര സമിതിയെ (ഗ്രിവൻസ് അപ്പല്ലേറ്റ് കമ്മിറ്റി) നിയോഗിച്ചു. 2021ല്‍ ഭേദഗതി ചെയ്‌ത ഐടി ചട്ടപ്രകാരമാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഓരോ കമ്മിറ്റികളിലും ഒരു ചെയര്‍പേഴ്‌സണ്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍, ജോലിയില്‍ പ്രവേശിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം വിരമിച്ച സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ എന്നിവരാണ് ഉണ്ടാകുക.
പരാതി പരിഹാര ഉന്നതധികാര സമിതിയുടെ പ്രവര്‍ത്തനം: സമൂഹ മാധ്യമ സേവനങ്ങള്‍ക്കെതിരായ പരാതികള്‍ അതാത് സ്ഥാപനങ്ങള്‍ തന്നെ പരിഹരിക്കുന്ന രീതിയായിരുന്നു നേരത്തെ തുടര്‍ന്നിരുന്നത്. എന്നാല്‍ 2021 ഫെബ്രുവരിയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ പരാതി പരിഹാര ഓഫിസറെ നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് സമൂഹമാധ്യമങ്ങളിലെ ഉളളടക്കത്തെയും മറ്റും കുറിച്ചുള്ള പരാതികള്‍ ഈ ഉദ്യോഗസ്ഥനെ അറിയിക്കാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ കമ്പനികള്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളില്‍ ഉപയോക്താക്കള്‍ക്ക് അതൃപ്‌തിയുണ്ടെങ്കില്‍ നേരിട്ട് കോടതിയിലെത്താതെ ഇനി മുതല്‍ പരാതി പരിഹാര ഉന്നതധികാര സമിതികളെ സമീപിച്ചാല്‍ മതിയാകും. നിങ്ങള്‍ സമര്‍പ്പിക്കുന്ന പരാതിയില്‍ കമ്പനികള്‍ നിയോഗിച്ചിരിക്കുന്ന പരാതി പരിഹാര ഉദ്യോഗസ്ഥന്‍റെ പ്രതികരണം ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തന്നെ ആ തീരുമാനെത്തിരെ എതിര്‍പ്പുണ്ടെങ്കില്‍ പരാതി പരിഹാര ഉന്നതധികാര സമിതിയില്‍ അപ്പീല്‍ നല്‍കാം. സര്‍ക്കാര്‍ നിയോഗിച്ച സമിതി ഉപയോക്താക്കള്‍ സമര്‍പ്പിക്കുന്ന അപ്പീലുകള്‍ക്ക് 30 ദിവസത്തിനുള്ളില്‍ തന്നെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും.
പരാതി പരിഹാര ഉന്നതധികാര സമിതി പരാതികള്‍ക്കായി പ്രത്യേകം ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കുന്നുണ്ട്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് പരാതി അറിയിക്കാനും പരാതിയുടെ പുരോഗതി കുറിച്ച് അറിയാനും സാധിക്കും.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അവര്‍ക്ക് പാലിക്കാന്‍ കഴിയുന്ന നിയമങ്ങളും ചട്ടങ്ങളും മാത്രം തെരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നേരത്തെ പറഞ്ഞിരുന്നു. നിയമങ്ങള്‍ പിന്തുടരാന്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കമല്ലെങ്കില്‍ ഐടി ആക്ടിലെ സെക്ഷന്‍ 79 'സേഫ് ഹാര്‍ബര്‍' ചട്ടപ്രകാരം അവര്‍ക്ക് ലഭിക്കുന്ന സംരക്ഷണം നഷ്‌ടപ്പെടുമെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയിരുന്നു.
സമിതി അംഗങ്ങള്‍: ആദ്യ പാനലിന്‍റെ അധ്യക്ഷൻ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്. വിരമിച്ച ഐപിഎസ് ഓഫീസര്‍ അശുതോഷ് ശുക്ല, പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ (പിഎൻബി) മുൻ ചീഫ് ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ സുനിൽ സോണി എന്നിവരാണ് പാനലിലെ മുഴുവന്‍ സമയ അംഗങ്ങള്‍.
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ പോളിസി ആൻഡ് അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്‍റെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയാണ് രണ്ടാം പാനലിന്‍റെ അധ്യക്ഷന്‍. ഇന്ത്യന്‍ നാവിക സേനയുടെ വിരമിച്ച കമാന്‍ഡര്‍ സുനില്‍ കുമാര്‍ ഗുപ്‌ത, എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് മുന്‍ വൈസ് പ്രസിഡന്‍റ് കവീന്ദ്ര ശര്‍മ എന്നിവരെയാണ് ഈ പാനലിലെ മുഴുവന്‍ സമയ അംഗങ്ങളായി നിമയിച്ചിരിക്കുന്നത്.
ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ മുതിർന്ന ശാസ്ത്രജ്ഞയായ കവിത ഭാട്ടിയക്കാണ് മൂന്നാമത്തെ പാനലിന്‍റെ അധ്യക്ഷ ചുമതല. ഇന്ത്യൻ റെയിൽവേയുടെ മുൻ ട്രാഫിക് സർവീസ് ഓഫീസർ സഞ്ജയ് ഗോയൽ, ഐഡിബിഐ ഇൻടെക് മുൻ മാനേജിങ് ഡയറക്‌ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കൃഷ്ണഗിരി രഗോതമറാവു എന്നിവരെ ഈ പാനലില്‍ മുഴുവന്‍ സമയ അംഗങ്ങളായി നിയമിച്ചിട്ടുണ്ട്.