ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ ഒരാൾ പോലും ഓക്‌സിജൻ ലഭിക്കാതെ മരിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ പ്രസ്‌താവന പച്ചക്കള്ളമാണെന്നും ഇതിനെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ശിവസേന നേതാവ് സഞ്ജയ് റൗട്ട്.
ഓക്‌സിജൻ ലഭിക്കാതെ പ്രിയപ്പെട്ടവർ മരിച്ചവർ ഇത്തരത്തിലൊരു പ്രസ്‌താവന കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നും കേൾക്കുമ്പോൾ അവരുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
കൂടുതൽ വായനയ്ക്ക്: ഓക്‌സിജൻ ലഭിക്കാതെ ഒരാൾ പോലും രാജ്യത്ത് മരിച്ചിട്ടില്ലെന്ന് കേന്ദ്രം രാജ്യസഭയിൽ
ചൊവ്വാഴ്‌ച രാജ്യസഭയിൽ വച്ച് കോൺഗ്രസ് എംപി കെസി വേണുഗോപാലിന്‍റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഇത്തരത്തിലൊരു മറുപടി നൽകിയത്. രാജ്യത്ത് ഓക്‌സിജൻ ലഭിക്കാതെ റോഡരികിലും ആശുപത്രികളിലും വച്ച് ധാരാളം പേർ മരിച്ചിരുന്നില്ലേ എന്നായിരുന്നു വേണുഗോപാലിന്‍റെ ചോദ്യം.
ആരോഗ്യം സംസ്ഥാനങ്ങളുടെ കാര്യമാണെന്നും പ്രതികരിച്ച ആരോഗ്യ സഹമന്ത്രി മരണങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്നും രാജ്യസഭയെ അറിയിച്ചിരുന്നു.