ജാജ്‌പൂര്‍ (ഒഡിഷ): പാളം തെറ്റിയ ഗുഡ്‌സ് ട്രെയിന്‍ റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിങ് ഹാളിലേക്ക് ഇടിച്ചു കയറി രണ്ട് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡിഷയിലെ ജാജ്‌പൂര്‍ ജില്ലയിലെ കൊരായ് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ 6.45ഓടെയാണ് സംഭവം.
തകര്‍ന്ന ട്രെയിനിനും കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കും ഇടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞിട്ടില്ല. മരണ സംഖ്യ വര്‍ധിച്ചേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. പരിക്കേറ്റവരെ ജാജ്‌പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്നതിന് പിന്നാലെ പൊലീസും ആർപിഎഫും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ സ്റ്റേഷൻ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇസിഒആർ അറിയിച്ചു. ആക്‌സിഡന്‍റ് റിലീഫ് ട്രെയിനും മെഡിക്കല്‍ സംഘവും അപകടസ്ഥലത്ത് എത്തിയതായും അദ്ദേഹം അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാതവും തടസപ്പെട്ടിട്ടുണ്ട്. ട്രെയിനിനായി പ്ലാറ്റ്‌ഫോമിലും വെയിറ്റിങ് ഹാളിലും കാത്തുനിന്നവരാണ് അപകടത്തില്‍ പെട്ടത്. അമിതവേഗത്തിലായിരുന്ന ട്രെയിനിന് നിന്ത്രണം നഷ്‌ടപ്പെട്ടതാണ് പാളത്തില്‍ നിന്ന് തെന്നിമാറി അപകടം ഉണ്ടാകാന്‍ കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.