ബെംഗളുരു: കല്ലാൽ ശ്വാസകോശ അലർജി ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീടിന് മുന്നിലെ രണ്ട് കല്ലാൽ മരങ്ങൾ നീക്കം ചെയ്യാൻ ബ്രുഹത് ബെംഗളുരു മഹാനഗര പാലികെയോട് (ബിബിഎംപി) ആവശ്യപ്പെട്ട് റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ. നഗരത്തിലെ ബിടിഎം ലേഔട്ടിലെ ഐഎഎസ് കോളനിയിലെ റിട്ടയേർഡ് ഓഫിസർ സുധീർ കുമാർ ആണ് മരങ്ങൾ മുറിക്കണമെന്ന ആവശ്യവുമായി ബിബിഎംപിയെ സമീപിച്ചത്.
വീടിന് മുന്നിലുള്ള റോഡിന് സമീപത്തെ രണ്ട് കല്ലാൽ മരങ്ങളിൽ വന്നിരിക്കുന്ന പക്ഷികളും വവ്വാലുകളും റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നു. കൂടാതെ തേനീച്ചയുടെ സാന്നിധ്യം തനിക്ക് ത്വക്ക്, ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് ഡോക്‌ടർമാർ പറഞ്ഞതായും സുധീർ കുമാർ പരാതിയിൽ പറയുന്നു. അതിനാൽ മരങ്ങൾ മുറിച്ച് മാറ്റിനടണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
സുധീർ കുമാറിന്‍റെ പരാതി ശ്രദ്ധയിൽപ്പെട്ട ബിബിഎംപി അധികൃതർ സ്ഥലം സന്ദർശിക്കുകയും മരത്തിന്‍റെ ശിഖരങ്ങൾ വെട്ടിമാറ്റുകയും ചെയ്‌തു. എന്നാൽ ഇത് പ്രദേശവാസികളെ ചൊടിപ്പിച്ചിരിക്കുകയാണ്. മരങ്ങൾ മുറിക്കുന്നത് തുടർന്നാൽ ഭാവിയിൽ ബെംഗളൂരുവിന്‍റെ അവസ്ഥ എന്താകുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. മരങ്ങളിൽ താമസിക്കുന്ന പക്ഷികൾ എവിടെ പോകുമെന്നും പ്രദേശവാസികൾ ചോദ്യമുന്നയിക്കുന്നു. പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് 60 ദിവസത്തിനുള്ളിൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ബിബിഎംപി ഉത്തരവിട്ടു.
1971ലെ വൃക്ഷ സംരക്ഷണ നിയമം അനുസരിച്ച് മരം മുറിക്കുന്നതിന് മുൻപ് പ്രദേശവാസികളുടെ സമ്മതം ആവശ്യമാണ്. നാട്ടുകാർ എതിർക്കുകയാണെങ്കിൽ മരം മുറിയ്ക്കാൻ പാടില്ല എന്നാണ് നിയമം. എന്നാൽ പ്രദേശവാസികളുടെ അനുമതി ഇല്ലാതെയാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മരങ്ങൾ മുറിക്കാൻ തുടങ്ങിയത്.