കട്‌നി (മധ്യപ്രദേശ്): മധ്യപ്രദേശിലെ മണപ്പുറം ഗോള്‍ഡ് ഫിനാന്‍സ് ശാഖയില്‍ വന്‍കവര്‍ച്ച. കട്‌നി ജില്ലയിലുളള മണപ്പുറം ഫിനാൻസ് ശാഖയില്‍ നിന്നും 15 കിലോ സ്വർണമാണ് കൊള്ളയടിച്ചത്. ഏഴ് കോടി രൂപ വിലമതിക്കുന്ന സ്വർണവും മൂന്ന് ലക്ഷം രൂപയും നാല് പേര്‍ ചേർന്ന് കൊള്ളയടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം
തോക്കുമായി എത്തിയ നാല് യുവാക്കളാണ് കവർച്ചയ്‌ക്ക് പിന്നിൽ. കവർച്ച സംഘം ഓഫിസില്‍ കയറി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. അസിസ്റ്റന്‍റ് ബ്രാഞ്ച് മാനേജരിൽ നിന്ന് ലോക്കറിന്‍റെ താക്കോല്‍ തട്ടിയെടുത്ത് 15 കിലോ സ്വർണവും മൂന്ന് ലക്ഷം രൂപയും കൈക്കലാക്കി കടന്നുകളയുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
നാല് പേര്‍ അടങ്ങിയ കവർച്ച സംഘത്തിലെ രണ്ട് പേർ ഒഫിസിനുള്ളിൽ കയറുകയും രണ്ട് പേർ പുറത്ത് നിൽക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കവർച്ച നടക്കുന്നതിന് മുൻപത്തെ ദിവസം ഓഫിസിന് സമീപത്ത് സംശയാസ്‌പദമായ സാഹചര്യത്തിൽ ചിലരെ കണ്ടിരുന്നുവെന്നും കൊള്ളക്കാർ സ്ഥലം നിരീക്ഷിച്ച് കവർച്ചയ്‌ക്ക് പദ്ധതിയിടാനുള്ള ശ്രമമായിരുന്നു ഇതെന്നും കടയുടമകൾ പറഞ്ഞു.
കവർച്ച ചെയ്‌ത സ്വര്‍ണത്തിന്‍റെ മുഴുവന്‍ രേഖകളും പരിശോധിച്ചുവരികയാണ്. ഇതിന് ശേഷമേ സ്വർണത്തിന്‍റെ കൃത്യമായ കണക്ക് പറയാന്‍ കഴിയൂ എന്ന് പൊലീസ് സൂപ്രണ്ട് മനോജ് കേഡിയ പറഞ്ഞു. ഗോള്‍ഡ് ലോണ്‍ കമ്പനിയിൽ വേണ്ടത്ര സുരക്ഷ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.