ഹൈദരാബാദ്: ബാങ്കിലേക്ക് നേരിട്ടെത്താതെ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സാധിക്കുന്ന എടിഎമ്മുകളുടെയും സിഡിഎമ്മുകളുടെയും കാലമാണിത്. ആദ്യം വിദേശത്തായിരുന്നുവെങ്കില്‍ നിലവില്‍ ഇന്ത്യയില്‍ വെള്ളത്തിനായുള്ള വാട്ടര്‍ എടിഎമ്മുകളും പ്രചാരത്തിലുണ്ട്. അങ്ങനെയിരിക്കെ സ്വര്‍ണം പിന്‍വലിക്കാനുള്ള ഗോള്‍ഡ് എടിഎമ്മിനായി സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കി ജനങ്ങളെ അമ്പരപ്പിക്കുകയാണ് ഓപണ്‍ ക്യൂബ്‌സ് എന്ന സ്‌റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകനായ ആന്ധ്രപ്രദേശിലെ അനകപള്ളി സ്വദേശി പി.വിനോദ്.
'ഗോള്‍ഡ് എടിഎം' വന്ന വഴി: 'ഗോള്‍ഡ് സിക്ക' എന്ന കമ്പനിയാണ് ഗോള്‍ഡ് എടിഎം എന്ന ആവശ്യവുമായി വിനോദിനെ ബന്ധപ്പെടുന്നത്. ഗോള്‍ഡ് എടിഎം നിലവില്‍ ദുബൈ, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഇത്തരം എടിഎമ്മുകളും നിര്‍മാണ യൂണിറ്റുകളും ഉണ്ടെങ്കിലും ഇവിടങ്ങളിലെല്ലാം നിര്‍മാണത്തുക ഏറെ കൂടുതലാണ് എന്നതാണ് കമ്പനിയെ വിനോദിലേക്ക് അടുപ്പിച്ചത്. മറ്റുള്ളവരെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ നിരക്കില്‍ വിനോദ് ഇതിന്‍റെ പ്രവര്‍ത്തനത്തിനുള്ള സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കാമെന്നേറ്റു. തന്നെ വിശ്വസിച്ചേല്‍പ്പിച്ച ദൗത്യത്തില്‍ വിനോദും സഹപ്രവര്‍ത്തകരും മുഴുകിയതോടെ ഏതാണ്ട് മൂന്നുമാസത്തില്‍ ഗോള്‍ഡ് എടിഎം സഫലമായി.
എന്താണ് ഗോള്‍ഡ് എടിഎമ്മിന്‍റെ സവിശേഷതകള്‍: വിദേശരാജ്യങ്ങളില്‍ നിലവിലുള്ള ഗോള്‍ഡ് എടിഎമ്മുകളില്‍ 20 ഗ്രാമില്‍ കുറവ് സ്വര്‍ണം പിന്‍വലിക്കാനാവില്ല. എന്നാല്‍ നിലവില്‍ വിനോദിന്‍റെ നേതൃത്വത്തിലൊരുങ്ങിയ എടിഎമ്മില്‍ 0.5 ഗ്രാം മുതല്‍ 100 ഗ്രാം വരെ സ്വര്‍ണം പിന്‍വലിക്കാനാകും. മാത്രമല്ല ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റിനെ അടിസ്ഥാനപ്പെടുത്തി ഓരോ നാല് സെക്കന്‍റിലും എടിഎമ്മില്‍ സ്വര്‍ണത്തിന്‍റെ വിലയ്‌ക്ക് മാറ്റം വന്നുകൊണ്ടിരിക്കും. ഇത്രയും വിലമതിക്കുന്ന എടിഎമ്മിന്‍റെ സുരക്ഷയിലും വിനോദും സംഘവും വിട്ടുവീഴ്‌ച നല്‍കിയിട്ടില്ല. ജാമറുകള്‍ ഉപയോഗിച്ചാണ് ഇതിലേക്കുള്ള കടന്നുകയറ്റത്തെ ഇവര്‍ പ്രധാനമായും സംരക്ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തയ്യാറാക്കി ഹൈദരാബാദിലെ ബെഗുംപേട്ടില്‍ സ്ഥാപിച്ചതോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആദ്യ ഗോള്‍ഡ് എടിഎമ്മായും ഇത് മാറി.
ഒരു എഞ്ചിനീയറുടെ ജനനം: വിനോദിന്‍റെ പിതാവ് ബിസിനസിനായി കുറച്ചുകാലം ബെംഗളൂരുവിലുണ്ടായിരുന്നു. ഈ സമയത്തെ വേനല്‍ക്കാല അവധിക്ക് കൗതുകങ്ങള്‍ ഏറെ ഇഷ്‌ടമുള്ള വിനോദ് വെബ് ഡെവലപ്‌മെന്‍റ് കോഴ്‌സിന് ചേര്‍ന്നു. അതുകൊണ്ടുതന്നെ സ്‌കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാകുമ്പോഴേക്കും വിനോദ് വെബ് ഡെവലപ്‌മെന്‍റില്‍ വൈദഗ്‌ധ്യവും തെളിയിച്ചു. വെബ്സൈറ്റുകള്‍ നിര്‍മിച്ച് നല്‍കി ആ കൗമാരക്കാരന്‍ പോക്കറ്റ് മണി സമ്പാദ്യവും തുടങ്ങി. ഈ വൈദഗ്‌ധ്യം എന്തുകൊണ്ട് തൊഴില്‍പരമായി ഉപയോഗിച്ചുകൂടാ എന്ന് ചിന്തിച്ചുതുടങ്ങിയതോടെ വിനോദ് എഞ്ചിനീയറിങ്ങിലും എത്തിപ്പെട്ടു.
നിര്‍മാണം മാത്രമല്ല, വില്‍പനയും: പഠന പഠനകാലയളവില്‍ തന്‍റെ പ്രോജക്‌റ്റുകള്‍ കൂടാതെ സഹപാഠികള്‍ക്ക് പഠനോപദേശങ്ങള്‍ നല്‍കിയും അധ്യാപകരുടെ അക്കാദമിക് പ്രോജക്‌റ്റുകള്‍ ചെയ്‌തുനല്‍കിയും വിനോദ് എഞ്ചിനീയറിങ് കാലയളവ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് എംബിഎ ബിരുദം സ്വന്തമാക്കി പ്രമുഖ ടെലികോം കമ്പനിയിലെ പങ്കാളികളില്‍ ഒരാളായി തന്നെ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വിശാഖപട്ടണത്തുള്ള ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ആരംഭിച്ച വിനോദ്, ഈ മൂന്നര വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റിങ് സെയില്‍സ് വൈദഗ്‌ധ്യവും നേടി.
കണ്ടുപിടിത്തങ്ങളുടെ കാലം: 2017 ലാണ് വിനോദ് ഹൈദരാബാദിലേക്കെത്തുന്നത്. ജോലി ആവശ്യാര്‍ഥമായിരുന്നു ഈ യാത്രയെങ്കിലും കണ്ടുപിടിത്തങ്ങളിലൂടെ അംഗീകാരങ്ങള്‍ നേടുക എന്ന സദുദ്ദ്യേശവും വിനോദിനുണ്ടായിരുന്നു. അങ്ങനെയിരിക്കെ കേള്‍വിക്കുറവുള്ള ആളുകള്‍ക്ക് വിവരങ്ങള്‍ മനസിലാക്കി നല്‍കുന്ന ആശയവിനിമയ ഉപകരണം രൂപകല്‍പന ചെയ്‌ത് വിനോദ് അതില്‍ പേറ്റന്‍റ് സ്വന്തമാക്കി. ഇതിന്‍റെ ഭാഗമായി ഓപണ്‍ ക്യൂബ്‌സ് എന്ന പേരില്‍ ഹൈദരാബാദില്‍ സ്‌റ്റാര്‍ട്ടപ്പ് സ്ഥാപിച്ച് ഏഴ് വര്‍ഷത്തോളം അവിടെ തുടര്‍ന്നു.
ഫേസ്‌ബുക്കിന് എതിരാളിയോ?: കണ്ടെത്തലുകളോടുള്ള ഭ്രമം അപ്പോഴും വിനോദിനെ വിട്ടൊഴിഞ്ഞില്ല. ഇതിന്‍റെ ഫലമായി 'എന്‍എച്ച് 7' എന്ന ആപ്ലിക്കേഷന്‍ പിറന്നു. ഫേസ്‌ബുക്ക്, ട്വിറ്റര്‍, ടെലിഗ്രാം പോലുള്ള ഈ സമൂഹമാധ്യമ പ്ളാറ്റ്‌ഫോം വളരെ പെട്ടന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ കൂടി ലഭ്യമാക്കിയതോടെ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്‌ത് രണ്ട് മാസത്തിനുള്ളില്‍ 'എന്‍എച്ച് 7' ന് 18 ലക്ഷം ഉപയോക്താക്കളുമായി. ഇതുവഴി രണ്ടുകോടി രൂപ നേടിയെടുക്കാനും വിനോദിനായി. ആപ്ലിക്കേഷന്‍ ജനങ്ങള്‍ക്കിടയില്‍ തരംഗമായതോടെ സിംഗപ്പൂരിലും ഇതിനായി ഒരു ഓഫീസ് പ്രവര്‍ത്തനവുമാരംഭിച്ചു.
'സ്വര്‍ണത്തിലേക്കുള്ള വഴി': എല്ലാവരെയും പോലെ കൊവിഡ് വിനോദിന്‍റെയും എന്‍എച്ച് 7 ന്‍റെയും കുതിപ്പിന് ബ്രേക്കിട്ടു. ആപ്ലിക്കേഷന്‍റെ അറ്റകുറ്റപണികള്‍ക്കും ഓഫിസ് പ്രവര്‍ത്തനത്തിനുമായി 20 ലക്ഷത്തോളം രൂപ വേണ്ടിവന്നതോടെ എന്‍എച്ച് 7 നെ ലാഭത്തോടെ അമേരിക്കന്‍ കമ്പനിക്ക് കൈമാറി വിനോദ് മറ്റൊരു തട്ടകം തേടി. ഇതിനിടയില്‍ ആര്‍എസ്എസ് സംഘടനക്കായി ആസാദി എന്ന ആപ്ലിക്കേഷനും തയ്യാറാക്കി നല്‍കി. അങ്ങനെയിരിക്കെയാണ് 'ഗോള്‍ഡ് എടിഎം' വിനോദിനെ തേടിയെത്തുന്നത്.