ന്യൂഡൽഹി: 2002ലെ ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇതേദിവസം തന്നെ ഗുജറാത്ത് സര്‍ക്കാരിന്‍റെ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.
അടുത്ത വാദം കേൾക്കുന്ന ദിവസം പ്രതികളുടെ ജാമ്യാപേക്ഷ സംബന്ധിച്ച വിഷയം കൂടെ പരിഗണിക്കുമെന്ന് മാർച്ച് 24ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ചില കുറ്റവാളികളെ സംബന്ധിച്ച് വസ്‌തുതാപരമായ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നേരത്തേ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളിലൊരാളുടെ ഭാര്യ കാൻസർ ബാധിതയാണെന്ന് കാണിച്ച് സുപ്രീം കോടതി ജാമ്യം നീട്ടിയിരുന്നു. മെഡിക്കൽ കാരണങ്ങളാൽ ജാമ്യം നീട്ടുന്നതിനെ മേത്ത പിന്തുണക്കുകയാണ് ചെയ്‌തത്.
'വിധി ഇളവ് ചെയ്‌തതിനെതിരെ സമ്മര്‍ദം ചെലുത്തും': 2002ലെ ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസിലെ ശിക്ഷാവിധി ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്‌തിരുന്നു. എന്നാല്‍, പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഫെബ്രുവരി 20ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കുകയാണ് ഉണ്ടായത്. 'വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്‌തതിനെതിരെ ഞങ്ങൾ ഗൗരവമായി സമ്മർദം ചെലുത്തും. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 59 പേരെ ജീവനോടെ ചുട്ടുകൊന്ന അപൂർവ കേസാണിത്' - സോളിസിറ്റർ ജനറൽ പറഞ്ഞു.
'സ്‌ത്രീകളും കുട്ടികളുമടക്കം 59 പേരാണ് മരിച്ചത്. 11 കുറ്റവാളികളെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 20 പേർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ആകെ 31 ശിക്ഷകൾ ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു'- മേത്ത പറഞ്ഞു. കേസിൽ ഇതുവരെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. മറ്റ് ഏഴ് ജാമ്യാപേക്ഷകളില്‍ വിധി പറയാനുണ്ട്. ഈ കേസിൽ ധാരാളം ജാമ്യാപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.
ഗോധ്ര തീവയ്‌പ്പില്‍ കൊല്ലപ്പെട്ടത് 59 പേര്‍: 2002 ഫെബ്രുവരി 27നാണ് ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്‌സ്‌പ്രസിന്‍റെ എസ് - ആറാം നമ്പര്‍ കോച്ചില്‍ തീവയ്‌പ്പുണ്ടായത്. 59 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഈ സംഭവമാണ് ഗുജറാത്ത് വംശഹത്യക്ക് കാരണമായത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ചില പ്രതികളുടെ ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാരിന്‍റെ പ്രതികരണം ജനുവരി 30ന് സുപ്രീം കോടതി ആരാഞ്ഞിരുന്നു. അബ്‌ദുള്‍ റഹിമാൻ, അബ്‌ദുള്‍ സത്താർ ഇബ്രാഹിം എന്നിവരുടെ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടിസ് അയച്ചിരുന്നു.
സബർമതി എക്‌സ്പ്രസില്‍ തീവച്ചതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയതിനാൽ കേവലം കല്ലേറ് കേസ് അല്ലെന്ന് ഗുജറാത്ത് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയും 17 വർഷമായി ജയിലിൽ കഴിയുകയും ചെയ്‌ത ഫാറൂക്കിന് 2022 ഡിസംബർ 15ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ട്രെയിനിന്‍റെ ഒരു കോച്ചിന് നേരെ കല്ലെറിഞ്ഞതിന് ഫാറൂക്കും മറ്റ് നിരവധിയാളുകളും ശിക്ഷിക്കപ്പെട്ടു.