പോണ്ട (ഗോവ): ഗോവ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗാന്ധി കുടുംബത്തിന് അവധിക്കാലം ആഘോഷിക്കാനുള്ള ഇടം മാത്രമാണ് ഗോവയെന്ന് അമിത് ഷാ പറഞ്ഞു. നോർത്ത് ഗോവയിലെ പോണ്ടയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബിജെപി നേതാവ്.
'ബിജെപി ഗോവയിൽ വികസനം കൊണ്ടുവന്നു, ഗാന്ധി കുടുംബത്തിന് ഗോവ ഒരു വെക്കേഷന്‍ സ്‌പോട്ടാണ്. ബിജെപിക്ക് ഗോവ എന്നാൽ ഗോൾഡൻ ഗോവയാണ്. എന്നാൽ കോൺഗ്രസിന് അത് 'ഗാന്ധി പരിവാർ കാ ഗോവ' (ഗാന്ധി കുടുംബത്തിന്‍റെ ഗോവ) ആണ്,' അമിത് ഷാ പറഞ്ഞു.
ബിജെപിയാണ് ഗോവയില്‍ വികസനം കൊണ്ടുവന്നതെന്നും അമിത് ഷാ അവകാശ വാദം ഉന്നയിച്ചു. സംസ്ഥാനത്തിന്‍റെ ബജറ്റ് 432 കോടിയിൽ നിന്ന് 2,567 കോടിയായി ബിജെപി ഉയർത്തി. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി ഒന്നും ചെയ്‌തില്ലെന്നും എന്നാൽ ബിജെപി വാഗ്‌ദാനങ്ങള്‍ പാലിച്ചെന്നും അദ്ദേഹം പറഞ്ഞു.
2025ന് മുമ്പ് ഗോവയിൽ ധാരാളം സ്റ്റാർട്ടപ്പുകൾ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പാലങ്ങളും ഹൈവേകളും ഉൾപ്പെടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ബിജെപി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ദേശീയ പാതകളെ 6 വരി പാതകളാക്കി മാറ്റുന്നതിന് 6,000 കോടി രൂപ ഗോവക്ക് അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
ബിജെപി അധികാരത്തില്‍ കയറിയാല്‍ മാത്രമേ കൂടുതല്‍ വികസനം ഗോവയിലുണ്ടാകൂവെന്നും ബിജെപി നേതാവ് പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ പിന്തുണയില്ലാതെ അടൽ സേതു പാലമോ ജുവാരി പാലമോ നിർമിക്കാനാകുമായിരുന്നോ? കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലുണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗോവയിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് അമിത് ഷാ. ഫെബ്രുവരി 14നാണ് ഗോവയിൽ നിയമസഭ തെരഞ്ഞെടുപ്പ്. മാർച്ച് 10നാണ് വോട്ടെണ്ണൽ.