പനാജി : നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസും ഗോവ ഫോർവേഡ് പാർട്ടിയും (ജിഎഫ്‌പി) സഖ്യം പ്രഖ്യാപിച്ചു. ആസന്നമായ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി ജിഎഫ്‌പിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി നേതാവ് ദിനേശ് ഗുണ്ടു റാവു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നേരത്തെ ജിഎഫ്‌പി മേധാവി വിജയ് സർദേശായി ഡൽഹിയിൽ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. വർഗീയതയും അഴിമതി നിറഞ്ഞതുമായ ബിജെപി സർക്കാരിനെ പരാജയപ്പെടുത്താനും, മാറ്റം കൊണ്ടുവരാനും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി വിജയ് സർദേശായി രാഹുലിനെ അറിയിച്ചെന്നും ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.
അടുത്ത വർഷം ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. അതേസമയം 2019 ജൂലൈ വരെ ബിജെപിയോടൊപ്പം ജിഎഫ്‌പി സംസ്ഥാനത്ത് അധികാരം പങ്കിട്ടിരുന്നു. പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന വിജയ് സർദേശായി ഉൾപ്പടെ മൂന്ന് എംഎൽഎമാരെ ക്യാബിനറ്റില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാറിനുള്ള പിന്തുണ ജിഎഫ്‌പി പിന്‍വലിച്ചത്.
also read: ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല; തരൂരിനെതിരെ കെ സുധാകരൻ
മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ചതായും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. 'ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ചെറിയ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു.
രാഷ്ട്രീയത്തിൽ, സൗഹൃദത്തിനും സഖ്യത്തിനും എല്ലായ്‌പ്പോഴും അവസരമുണ്ട്, ഞങ്ങൾക്ക് പരസ്‌പര വിശ്വാസമുണ്ട്. ഒരു പുതിയ തുടക്കത്തിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ട്' - കോൺഗ്രസ് നേതാവ് പറഞ്ഞു.