പ്രയാഗ്‌രാജ് : ഉത്തര്‍ പ്രദേശില്‍ 20 കാരിയുടെ ലിംഗ മാറ്റ ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. തന്‍റെ സുഹൃത്തായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായാണ് യുവതി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. സ്വരൂപം നെഹ്റു ആശുപത്രിയില്‍ ഇതിന്‍റെ ഭാഗമായുള്ള ആദ്യ ഘട്ട ഓപ്പറേഷന്‍ പൂര്‍ത്തിയായി.
ഉടന്‍ തന്നെ യുവതിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തുമെന്നും തുടര്‍ന്ന് ഹോര്‍മോണ്‍ മാറ്റത്തിനായുള്ള ചികിത്സ ആരംഭിക്കുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബിരുദ വിദ്യാര്‍ഥിനിയായ യുവതി തന്‍റെ പെണ്‍സുഹൃത്തുമായി പ്രണയത്തില്‍ ആവുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. ഇകാര്യം വീട്ടുകാരോട് പറഞ്ഞതോടെ എതിര്‍ത്തു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ യുവതി തയ്യാറായില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടി ആശുപത്രിയെ സമീപിക്കുകയായിരുന്നു.
പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ മോഹിത്തിനെ സമീപിച്ച യുവതിയെ പിന്നീട് കുടുതല്‍ പരിശോധനകള്‍ക്കും കൗണ്‍സിലിങ്ങിനും വിധേയയാക്കി. മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് തെളിഞ്ഞതോടെ ഇവരുടെ സമ്മതപ്രകാരം ശരീരത്തില്‍ മാറ്റം വരുത്താനുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നു.
യുവതി ലിംഗപരമായ അസ്വസ്ഥതകള്‍ അനുഭവിച്ചുവരികയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹോര്‍മോണ്‍ ചികിത്സകൂടി നടക്കുന്നതോടെ യുവതിയുടെ ലിംഗമാറ്റം പൂര്‍ണമാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.