ഐസ്വാള്‍(മിസോറം): സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാസം മരണപ്പെട്ട രണ്ട് വയസുള്ള കുട്ടിയുടെ മാതാപിതാക്കളെ മിസോറാം പൊലീസ് നുണപരിശോധനയ്‌ക്ക് വിധേയമാക്കും. കുട്ടി മരണത്തിന് മുമ്പ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. 2008ല്‍ ഡല്‍ഹിയെ നടുക്കിയ ആരുഷി തള്‍വാര്‍ കൊലപാതക കേസിന് സമാനമാണ് ഈ കേസെന്നാണ് വിവരം.
സെപ്‌റ്റംബര്‍ 16ന് അക്യുട്ട് ലോറിംഗോട്രാഷിയോബ്രോണ്ടിസ് എന്ന രോഗം ബാധിച്ചാണ് കുട്ടി മരണപ്പെട്ടതെന്ന് ആശുപത്രിയിലെ രേഖകളില്‍ പറയുന്നു. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പരിശോധനകള്‍ നടത്തിയപ്പോഴാണ് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കേസിലെ മുഖ്യപ്രതികളെന്ന നിലയില്‍ കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
പരിശോധന ചണ്ഡീഗഡില്‍: ഒക്‌ടോബര്‍ ഒന്നിന് കുട്ടിയുടെ പിതാവിനെയും ഒക്‌ടോബര്‍ മൂന്നിന് കുട്ടിയുടെ മാതാവിനെയും അറസ്‌റ്റ് ചെയ്‌തു. സത്യം പുറത്ത് കൊണ്ടുവരാന്‍ ഇരുവരെയും നുണപരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും നുണപരിശോധനയ്‌ക്കുള്ള ഉപകരണങ്ങള്‍ സംസ്ഥാനത്ത് ലഭ്യമല്ലാത്തതിനാല്‍ ഇരുവരെയും ചണ്ഡീഗഡില്‍ എത്തിച്ച് പരിശോധന നടത്തുമെന്നും മിസോറാം പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ജോണ്‍ നെഹ്‌ലെയ്യ പറഞ്ഞു.
മിസോറാമില്‍ ആദ്യം: ആദ്യമായാണ് സംസ്ഥാന നുണ പരിശോധനയ്‌ക്കായുള്ള യന്ത്രം ഉപയോഗിക്കുവാന്‍ പോകുന്നതെന്ന് ഡിഐജി ലാൽബിഅക്താംഗ ഖിയാങ്‌ടെ അറിയിച്ചു. രണ്ട് പ്രതികളും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണെന്നും പരിശോധനയ്‌ക്കായി ഇരുവരെയും പൊലീസ് കസ്‌റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പൊലീസ് സുപ്രണ്ട് സി. ലാല്‍റുഐയ്യ വ്യക്തമാക്കി. കുട്ടി തന്‍റെ ജീവിതകാലം മുഴുവനും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട് എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുട്ടികള്‍ക്കെതിരയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ പൊലീസ് സ്വമേധയ കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
ഓർമയില്‍ ആരുഷി തല്‍വാർ: 2008ല്‍ നോയിഡയില്‍ വച്ച് നടന്ന 13 വയസുകാരിയ ആരുഷി തല്‍വാറിന്‍റെയും 45 വയസുള്ള വീട്ടുജോലിക്കാരന്‍ ഹേംരാജ് ബന്‍ജാഡെയുടെയും കൊലപാതകത്തിന് സമാനമാണ് ഈ കേസ്. 2008 മെയ് മാസത്തില്‍ നോയിഡയിലെ ആരുഷിയുടെ വസതിയില്‍ വച്ചാണ് ഇരുവരെയും കൊല്ലപ്പെട്ടത്. കൊലപാതകത്തെ തുടര്‍ന്ന് പ്രതികളെന്ന് സംശയിക്കുന്ന ആരുഷിയുടെ മാതാപിതാക്കളെയും നുണപരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു.
2013 നവംബറില്‍ ആരുഷിയുടെ മാതാപിതാക്കളെ ജീവപര്യന്തം തടവ് ശിക്ഷയ്‌ക്ക് വിധേയമാക്കി. അനുകൂലമായ വിധിയല്ല വന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, മതിയായ തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ 2017ല്‍ ഇരുവര്‍ക്കും അലാഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നിരുന്നാലും കേസ് പരിഹരിക്കപ്പെടാതെ തുടരുകയാണ്.