കാസ്‌ഗഞ്ച് (ഉത്തര്‍പ്രദേശ്): മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു എന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി യുവാവ്. സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. അയല്‍ക്കാരനായ നീരജ് എന്ന യുവാവാണ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത് എന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത തന്‍റെ മകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നീരജ് നിരന്തരം ശല്യം ചെയ്‌തിരുന്നതായും അദ്ദേഹം പറഞ്ഞു. നീരജിന്‍റെ ശല്യം സഹിക്ക വയ്യാതെ വന്നതോടെ പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി കുടുംബം ഉറപ്പിച്ചു. ഇതില്‍ പ്രകോപിതനായ നീരജ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാപിതാക്കള്‍ എത്തിയപ്പോഴേക്ക് യുവാവ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ ദേഹത്ത് പടര്‍ന്ന തീ അണച്ചെങ്കിലും പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. കുടുംബം പെണ്‍കുട്ടിയെ ഉടന്‍ കാസ്‌ഗഞ്ച് ജില്ല ആശുപത്രിയില്‍ എത്തിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ അലിഗഡ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നീരജ് തന്‍റെ മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പ്രണയ പകയാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തതായി കാസ്‌ഗഞ്ച് അഡിഷണല്‍ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര ദുബെ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്‌ച മെയിന്‍പുരിയിലെ കോട്‌വാലി മേഖലയില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പീഡനം ചെറുത്ത പെണ്‍കുട്ടിയെ ഡീസല്‍ ഒഴിച്ച് ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു.