ഹസാരിബാഗ് (ജാർഖണ്ഡ്): ഹസാരിബാഗ് ജില്ലയിൽ ഇത് വിവാഹ മാസമാണ്. ജില്ലയിലെ ഓരോ പ്രദേശത്തും വിവാഹങ്ങളോ വിവാഹ ഒരുക്കങ്ങളോ ഈ ദിവസങ്ങളിൽ കാണാനാകും. നവംബർ മാസത്തേക്കുള്ള വിവാഹ ഒരുക്കങ്ങൾ നടക്കുന്നതും മാതാപിതാക്കൾ മക്കൾക്ക് അനുയോജ്യമായ പങ്കാളിയെ അന്വേഷിക്കുന്നതും ഇവിടെ ഈ മാസം നിത്യസംഭവമാണ്.
എന്നാൽ ജണ്ഡ ചൗക്കിലെ ബംഗാളി ദുർഗ എന്ന സ്ഥലത്തുനിന്ന് വ്യത്യസ്‌തമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇവിടെ ഒരു പെൺകുട്ടി തനിക്ക് വരനെ അന്വേഷിച്ച് പോസ്റ്ററുകൾ പതിച്ചിരിക്കുകയാണ്. തന്‍റെ വിലാസവും, ഫോൺ നമ്പറും, വരന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്നിവ ഉൾപ്പെടെയാണ് പെൺകുട്ടിയുടെ പോസ്റ്ററിലുള്ളത്.
വിവാഹങ്ങൾ നടക്കുന്ന സ്ഥലത്തുൾപ്പെടെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. വരൻ നല്ല പോലെ ജോലി ചെയ്യുന്ന ആളായിരിക്കണമെന്നും വീട്ടുകാര്യങ്ങൾ നോക്കണമെന്നും പോസ്റ്ററിലെ നിബന്ധനകളിലുണ്ട്. വിദ്യാഭ്യാസം വേണമെന്നും പ്രായം 30നും 40നും ഇടയിൽ ആയിരിക്കണമെന്നും പോസ്റ്ററിൽ പറയുന്നു.
ജാതി ഏതായാലും പ്രശ്‌നമില്ല, തന്‍റെ കുടുംബത്തെ നന്നായി നോക്കണം. കൂടാതെ അത്യാഗ്രഹമോ കള്ളത്തരമോ ഉണ്ടാകാൻ പാടില്ല എന്നും പെൺകുട്ടിയുടെ നിബന്ധനകളിലുണ്ട്. ഈ നിബന്ധനകൾ എല്ലാം അംഗീകരിക്കാൻ തയാറായ ആളെ വിവാഹം കഴിക്കാൻ താൻ ഒരുക്കമാണെന്ന് പെൺകുട്ടി പറയുന്നു. എന്നാൽ നാട്ടിലാകെ ചർച്ചാവിഷയമാണ് പെൺകുട്ടിയും പോസ്റ്ററും.