നളന്ദ: ബിഹാറിലെ നളന്ദ ജില്ലയിൽ പിറന്നാൾ ആഘോഷത്തിനിടെ നടത്തിയ ആഘോഷ വെടിവയ്‌പ്പിൽ 12കാരിക്ക് ദാരുണാന്ത്യം. ദീപ്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗഞ്ച്‌പർ ഗ്രാമത്തിലെ തുഷി കുമാരിയാണ് വെടിയേറ്റ് മരിച്ചത്. തുഷി കുമാരിയുടെ തലയിലാണ് വെടിയേറ്റത്. പെണ്‍കുട്ടിയെ ഉടൻ തന്നെ ബിഹാർ ഷെരീഫ് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്‌ച വൈകിട്ട് നടന്ന ആഘോഷ പരിപാടിക്കിടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീടിനടുത്ത് നടന്ന പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നൃത്ത പരിപാടി കാണാനാണ് പെൺകുട്ടി സംഭവ സ്ഥലത്തേക്ക് എത്തിയത്.
പിറന്നാൾ ആഘോഷത്തിൽ മദ്യലഹരിയിൽ ചില യുവാക്കൾ കൈയിൽ തോക്കുമായി നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ യുവാക്കളിൽ ഒരാൾ വെടിയുതിർക്കുകയും അത് തുഷി കുമാരിയുടെ തലയിൽ പതിക്കുകയുമായിരുന്നു.
അതേസമയം പ്രദേശത്ത് അത്തരത്തിലുള്ള ഒരു ആഘോഷ പരിപാടിക്കും പൊലീസ് അനുമതി നൽകിയിരുന്നില്ലെന്ന് ദീപ്‌നഗർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് സഞ്ജയ് കുമാർ ജയ്‌സ്വാൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.