സർഗുജ (ഛത്തീസ്‌ഗഡ്) : സർഗുജയിൽ വനത്തിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം നാല് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മെയ് 20ന് രാത്രി എട്ട് മണിയോടെയാണ് പ്രദേശത്തെ വനത്തിൽ വച്ച് നാല് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്.
സന്തോഷ് യാദവ് എന്ന ഭോല, അഭിഷേക് യാദവ്, നാഗേന്ദ്ര യാദവ്, പ്രായപൂർത്തിയാകാത്ത വേറൊരാളും ആണ് അറസ്റ്റിലായത്. സുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ പ്രതികൾ മരത്തിനടുത്തേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതികൾ ആക്രമിച്ചു.
സംഭവത്തിന് ശേഷം പെൺകുട്ടിയുടെ ബാഗിലുണ്ടായിരുന്ന പണവുമായി പ്രതികൾ സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. സംഭവമറിഞ്ഞ സർഗുജ എസ്‌പി, അഡീഷണൽ എസ്‌പി വിവേക് ശുക്ല, ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ സംഭവസ്ഥലത്തേക്ക് അയയ്ക്കുകയും പെൺകുട്ടിയോടും സുഹൃത്തിനോടും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്‌തു.
ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സമീപ ഗ്രാമങ്ങളിൽ പരിശോധന നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞു. എല്ലാ പ്രതികളും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.