ദുംക (ജാർഖണ്ഡ്) : പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് അയല്‍വാസിയായ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ 19കാരി മരണത്തിന് കീഴടങ്ങി. ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ ജറുദിഹ് പ്രദേശത്ത് ഓഗസ്റ്റ് 23 നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ജാര്‍ഖണ്ഡിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ അങ്കിത കുമാരിയാണ് മരിച്ചത്. അങ്കിതയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ഷാരൂഖ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അങ്കിതയുടെ അയല്‍ക്കാരനായ ഷാരൂഖ് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് അവളുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
അവളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയ ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍ സുഹൃത്താകാന്‍ തനിക്ക് താത്പര്യം ഇല്ലെന്ന് അങ്കിത ഷാരൂഖിനെ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ താനുമായി അടുക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്‌തു.
ശല്യം സഹിക്കാതെ വന്നതോടെ അങ്കിത യുവാവിനെ ശാസിച്ചു. വിവരം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞു. ഇതോടെ പ്രകോപിതനായ ഷാരൂഖ് അങ്കിതയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രണയം അംഗീകരിക്കണമെന്നും ഫോണ്‍ ചെയ്യുമ്പോള്‍ സംസാരിക്കണമെന്നും ഷാരൂഖ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.
ഷാരൂഖ് തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും അംഗീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അങ്കിത അവളുടെ മാതാപിതാക്കളോട് പറഞ്ഞു. ഷാരൂഖിന്‍റെ അച്ഛനെ കണ്ട് വിവരം അറിയിക്കാമെന്ന് അങ്കിതയുടെ അച്ഛന്‍ ഓഗസ്റ്റ് 22 ന് രാത്രി അവളോട് പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്‌ച (ഓഗസ്റ്റ് 23) രാവിലെ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീപ്പെട്ടി ഉരച്ചിട്ട് തീ കൊളുത്തിയത്.
'എന്‍റെ പുറകില്‍ പൊള്ളുകയും എന്തോ കത്തി കരിഞ്ഞ മണം വരികയും ചെയ്‌തു. കണ്ണു തുറന്ന് നോക്കിയപ്പോള്‍ ഷാരൂഖ് ഓടി പോകുന്നതാണ് കണ്ടത്. അപ്പോഴേക്ക് എന്‍റെ ദേഹത്ത് തീ പിടിച്ചിരുന്നു. ഞാന്‍ കരഞ്ഞു കൊണ്ട് അച്ഛന്‍റെ മുറിയിലേക്ക് ഓടി. തീ കെടുത്തി അച്ഛനും അമ്മയും എന്നെ ആശുപത്രിയില്‍ എത്തിച്ചു' - അങ്കിതയുടെ മരണ മൊഴി ഇങ്ങനെയാണ്.
90% പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം ഫൂലോ ജാനോ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്, റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി. അവിടെ വച്ചാണ് പൊള്ളലേറ്റ് അഞ്ചാം ദിവസം അങ്കിത മരണത്തിന് കീഴടങ്ങിയത്.
പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ ദുംകയിൽ പ്രതിഷേധം ഉയര്‍ന്നു. ബി.ജെ.പി, ബജ്‌റംഗ്‌ദൾ പ്രവർത്തകർ പ്രതിഷേധിച്ച് തെരുവിലിറങ്ങി. പൊലീസ് കസ്റ്റഡിയിലുള്ള ഷാരൂഖിന് അതിവേഗ കോടതി വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിച്ച് ഹര്‍ത്താല്‍ നടത്തി.
ദുംകയിലെ ദുധാനി ചൗക്കിൽ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്‌ദൾ പ്രവർത്തകർ പ്രകടനം നടത്തുകയും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സബ് ഡിവിഷണൽ പൊലീസ് ഓഫിസർ വിജയ് കുമാറിന് നിവേദനം സമർപ്പിക്കുകയും ചെയ്‌തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ദുംകയില്‍ നിരോധനാഞ്ജ ഏര്‍പ്പെടുത്തി.