ശ്രീനഗർ : കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് അടുത്ത ദിവസങ്ങളിലായി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പായി നാളെ (സെപ്‌റ്റംബർ 26) മാധ്യമങ്ങളെ കാണുമെന്ന് ഗുലാം നബി ആസാദ് അറിയിച്ചു. ഇന്ന് ജമ്മുവിലെ വസതിയില്‍ വച്ച് ആസാദ് നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്‌ച നടത്തും.
''പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി നാളെ മാധ്യമങ്ങളെ ക്ഷണിക്കുകയാണ്. ഇന്ന് ഇവിടെ വച്ച് നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്‌ച നടത്തും'' - ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലെത്തിയ ശേഷം രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ആസാദ് പ്രതികരിച്ചു.
പുതിയ പാര്‍ട്ടി ഉടന്‍ : ഗുലാം നബി ആസാദിന്‍റെ അടുത്ത വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകും. മുതിര്‍ന്ന നേതാക്കളുമായും രണ്ടാംനിര നേതാക്കളുമായും ഇന്ന് തുടര്‍ച്ചയായി രണ്ട് പ്രത്യേക യോഗങ്ങള്‍ നടത്തുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
സെപ്‌റ്റംബർ 27ന് ഗുലാം നബി ആസാദ് ശ്രീനഗര്‍ സന്ദര്‍ശിക്കും. പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ പേരും പതാകയും തീരുമാനിച്ചിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കശ്‌മീർ ജനതയായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരും പതാകയും തീരുമാനിക്കുകയെന്ന് ഗുസാം നബി ആസാദ് നേരത്തെ അറിയിച്ചിരുന്നു.
തന്‍റെ പാര്‍ട്ടിയുടെ പ്രധാന അജണ്ടകളിലൊന്ന് ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കലും തദ്ദേശീയരുടെ ഭൂമി, തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കലുമാണെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു.
Read More: ആദ്യം കലാപക്കൊടി, ഒടുവില്‍ രാജി: ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു
ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ് ഓഗസ്റ്റ് 26നാണ് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയില്‍ കോണ്‍ഗ്രസ് എത്തപ്പെട്ടുവെന്നും പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനം അവസാനിപ്പിച്ചതിന്‍റെ പ്രധാന ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്നും ആസാദ് ആരോപിച്ചിരുന്നു.
പിന്നാലെ ജമ്മു കശ്‌മീർ മുന്‍ ഉപമുഖ്യമന്ത്രി താര ചന്ദ്, മുന്‍ മന്ത്രിമാർ, നിയമസഭാംഗങ്ങള്‍ ഉള്‍പ്പടെ ഇരുപതിലേറെ നേതാക്കള്‍ ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്‌ദം ഉയര്‍ത്തിയ ജി 23 നേതാക്കളില്‍ പ്രമുഖനായിരുന്നു ഗുലാം നബി ആസാദ്.