ജമ്മു: പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയായിരിക്കും പാർട്ടിയുടെ പ്രധാന അജണ്ട എന്ന് ജമ്മുവിൽ നടന്ന പൊതുയോഗത്തിൽ ഗുലാം നബി ആസാദ് പറഞ്ഞു. പാർട്ടിയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ജമ്മു കശ്‌മീരിലെ ജനങ്ങൾ തീരുമാനിക്കുന്ന പേരും പതാകയുമാകും പാർട്ടിക്ക് നൽകുക. എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള ഹിന്ദുസ്ഥാനി നാമമാകും പാർട്ടിക്ക് നൽകുക എന്നും അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് പറഞ്ഞു.
സമ്പൂർണ സംസ്ഥാന പദവിക്ക് പുറമെ ഭൂസ്വത്തിനുള്ള അവകാശം, കശ്‌മീരികൾക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും പാർട്ടിയുടെ അജണ്ടയിലുണ്ട്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജമ്മു കശ്‌മീരിലാകും പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
പി.ഡി.പി, നാഷണൽ കോൺഫറൻസ് തുടങ്ങിയ കശ്‌മീർ പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കാനാണ് സാധ്യത. ബിജെപിയുമായുള്ള സഖ്യത്തിന് ഒരു സാധ്യതയുമില്ലെന്ന് അദ്ദേഹം ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് അവർക്കും തനിക്കും കാര്യമില്ലെന്നായിരുന്നു ആസാദിന്‍റെ നിലപാട്.
'കോൺഗ്രസിനെ വളർത്തിയത് ഞങ്ങളുടെ രക്തം': കോൺഗ്രസ് വിട്ട് ഒരാഴ്‌ചയ്ക്ക് ശേഷം ജമ്മുവിലെ സൈനിക കോളനിയിൽ നടന്ന യോഗത്തിലാണ് ഗുലാം നബി പുതിയ പാർട്ടി പ്രഖ്യാപിക്കുന്നത്. യോഗത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച ഗുലാം നബി, തന്നെയും പാർട്ടി വിട്ട തന്‍റെ അനുയായികളെയും കോൺഗ്രസ് പ്രവർത്തകർ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും എന്നാൽ അവ കമ്പ്യൂട്ടർ ട്വീറ്റുകളിൽ മാത്രമായി ഒതുങ്ങിപ്പോകുകയാണെന്നും പരിഹസിച്ചു.
കമ്പ്യൂട്ടറുകൾ കൊണ്ടോ ട്വീറ്റുകൾ കൊണ്ടോ അല്ല, ഞങ്ങളുടെ രക്തം കൊണ്ടാണ് കോൺഗ്രസ് പാർട്ടിയെ വളർത്തിയത്. ഇവരുടെ പ്രവർത്തനം ട്വീറ്റുകളിൽ മാത്രം ഒതുങ്ങിപ്പോയതു കൊണ്ടാണ് സാധാരണക്കാരുടെ ഇടയിൽ ഇപ്പോൾ കോൺഗ്രസിനെ കാണാൻ കഴിയാത്തതെന്നും ആസാദ് കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിക്ക് രൂക്ഷവിമർശനം: 2005 മുതൽ 2008 വരെ ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ് കഴിഞ്ഞയാഴ്‌ചയാണ് കോൺഗ്രസ് വിടുന്നത്. സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ കഴിഞ്ഞ ഒമ്പത് വർഷമായുള്ള കോൺഗ്രസിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
സോണിയ ഗാന്ധിയെ തലപ്പത്ത് ഇരുത്തിക്കൊണ്ട് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്‍റെ സുരക്ഷ ഉദ്യോഗസ്ഥരും പിഎമാരുമാണ് എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കുന്നത്. ഒരു തിരിച്ചുവരവ് പാർട്ടിക്ക് ഇനി ഉണ്ടാകില്ല എന്ന നിലയിലാണ് സ്ഥിതിഗതികളെന്നും അഞ്ച് പേജുള്ള രാജിക്കത്തിൽ ആസാദ് പറഞ്ഞു. രാഹുൽ ഗാന്ധിക്ക് പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നില്ല, മുതിർന്ന നേതാക്കളെ വേണ്ടത്ര പരിഗണിക്കുന്നില്ല, പക്വതയില്ല തുടങ്ങിയ വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു.
ആസാദ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചന നൽകിയതോടെ ജമ്മു കശ്‌മീരിൽ നിരവധി നേതാക്കൾ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. ജമ്മു കശ്‌മീർ മുൻ ഉപമുഖ്യമന്ത്രി താര ചന്ദ് ഉൾപ്പെടെ 64 നേതാക്കളാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ജമ്മുവിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗമായ എൻഎസ്‌യുഐയുടെ നേതാക്കൾ ഉൾപ്പെടെ 36ഓളം കോൺഗ്രസ് നേതാക്കൾ ആസാദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജി സമർപ്പിച്ചു.
Also Read: ഗുലാം നബി ആസാദിന്‍റെ രാജി: പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാൻ നീക്കം