ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് തിരിച്ചടി. ഫോബ്‌സ് റിയല്‍ ടൈംസ് പുറത്തുവിട്ട ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 15-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് അദാനി. അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ കൂപ്പുകുത്തിയതാണ് അദാനിക്ക് വെല്ലുവിളിയായത്.
റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അദാനിയെ പിന്തള്ളി പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് എത്തി. 83.9 ബില്യണ്‍ ഡോളര്‍ ആസ്‌തിയുണ്ടായിരുന്ന അദാനിയുടെ നിലവിലെ ആസ്‌തി 75.1 ബില്യണ്‍ യുഎസ് ഡോളറാണ്. അദാനിയെ പിന്തള്ളിയ അംബാനിക്ക് 84.1 ബില്യണ്‍ ഡോളര്‍ ആസ്‌തിയാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അദാനിയുടെ ആസ്‌തി 4.62 ശതമാനം ഇടിവുണ്ടായതോടെയാണ് അംബാനി പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തിയത്.
അതേസമയം ലോകത്തിലെ ഏറ്റവും മികച്ച ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത് ഫ്രഞ്ച് ലക്ഷ്വറി ഫാഷന്‍ ഭീമനായ എൽഎംവിഎച്ചിന്‍റെ ബെർണാഡ് അർനോൾട്ടും കുടുംബവുമാണ്. 2022 ഡിസംബറില്‍ ലൂയിസ് വിട്ടന്‍റെ സ്ഥാപകനും സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട് എലോണ്‍ മസ്‌കിനെ മറികടന്നാണ് ബെർണാഡ് അർനോൾ ഒന്നാമതെത്തിയത്. എന്നാല്‍ അദാനിയുടെ ഓഹരി വിപണിയില്‍ മാറ്റമുണ്ടായാല്‍ അതിലൂടെ ആസ്‌തിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അദാനിയുടെ ഓഹരി വിപണിയെ സംബന്ധിച്ചുള്ള തട്ടിപ്പ് വിവാദങ്ങളാണ് ഫോബ്‌സ് പട്ടികയില്‍ നിന്ന് അദാനി പിന്തള്ളപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും പ്രശ്‌നങ്ങളും: ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചു എന്നാണ് അമേരിക്കന്‍ ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്‍റെ കണ്ടെത്തല്‍. അതേസമയം ഹിന്‍ഡന്‍ബര്‍ഗിന്‍റെ കണ്ടെത്തല്‍ ഷോട്ട് സെല്ലറുടെ കെട്ടുകഥകളാണെന്നാണ് അദാനി പ്രതികരിച്ചത്. അദാനി ഗ്രൂപ്പിന്‍റെ ഓഹരി വിപണിക്ക് കനത്ത പ്രഹരമായ ഹിന്‍ഡന്‍ബര്‍ഡിന്‍റെ കണ്ടെത്തലിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദാനി അറിയിച്ചിരുന്നു.
എന്നാല്‍ തങ്ങളുന്നയിച്ച 88 ചോദ്യങ്ങളില്‍ ഒന്നിന് പോലും അദാനി ഗ്രൂപ്പ് മറുപടി പറഞ്ഞിട്ടില്ലെന്നും രണ്ട് വര്‍ഷത്തെ തങ്ങളുടെ ഗവേഷണത്തെ ചെറുതായി കാണുകയാണെന്നും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു. മാത്രമല്ല തങ്ങളുടെ കണ്ടെത്തലില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദാനി ഗ്രൂപ്പിന് അമേരിക്കയില്‍ പരാതി ഫയല്‍ ചെയ്യാമെന്നും ഹിന്‍ഡന്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ രാജ്യത്തിനെതിരായ ആസൂത്രിത അക്രമമാണെന്നും ഹിന്‍ഡന്‍ബര്‍ഗിന്‍റെ കണ്ടെത്തല്‍ ഇന്ത്യയുടെ ജനാധിപത്യത്തിനും വികസനത്തിനും ഭരണഘടനയ്‌ക്കുമെല്ലാം എതിരാണെന്നുമാണ് അദാനിയുടെ വാദം.
ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ക്ക് എതിരെ പോരാടാന്‍ യുഎസിലും ഇന്ത്യയിലും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വഴികള്‍ ആലോചിക്കുകയാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരി വിപണി കുത്തനെ ഇടിയുകയായിരുന്നു. അദാനി ഗ്രൂപ്പിന്‍റെ അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരികള്‍ ബിഎസ്ഇയില്‍ 3.02 ശതമാനം ഇടിഞ്ഞ് 2,880.20 രൂപയിലെത്തി. അദാനി ഗ്രീനിന്‍റെ ഓഹരികളില്‍ അഞ്ച് ദിവസം കൊണ്ട് 3.82 ശതമാനം ഇടിവുണ്ടായി 1,177.15 രൂപയിലെത്തി.
also read: ലോക ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒമ്പതാമത്; നേട്ടം അദാനിയെ പിന്തള്ളി