ഗുവാഹത്തി : ജിഗ്നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് അസം പൊലീസിനെതിരെ ഭാര്‍പേട്ട ജില്ല കോടതി ജഡ്‌ജി അപരേഷ് ചക്രബർത്തി നടത്തിയ പ്രസ്താവനകള്‍ സ്റ്റേ ചെയ്ത് ഗുവാഹത്തി ഹൈക്കോടതി. അസം പൊലീസിന്‍റെ പ്രവര്‍ത്തികളില്‍ സമഗ്ര പരിഷ്‌കരണം ആവശ്യപ്പെടുന്ന രീതിയില്‍ നടത്തിയ വാദങ്ങളാണ് ഹൈകേടതി ചീഫ് ജസ്റ്റിസ് ദേവാഷിസ് ബറുവ സ്റ്റേ ചെയ്തത്. കോടതി പരാമര്‍ശങ്ങള്‍ പൊലീസിന്‍റെ ആത്മവീര്യം തകര്‍ക്കുന്നതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടപെടല്‍.
പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്‍റെ പേരില്‍ അറസ്റ്റിലായ ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ജാമ്യം നല്‍കിയെങ്കിലും തൊട്ടുപിന്നാലെ പൊലീസിനെ അക്രമിച്ചെന്ന കേസില്‍ ഇദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. അടുത്ത ദിവസം കോടതിയെ സമീപിച്ച മേവാനിക്ക് കോടതി ഈ കേസിലും ജാമ്യം നല്‍കി. ഈ വിധിക്കിടെയാണ് പൊലീസ് സേനയെ വിമര്‍ശിക്കുംവിധം ജില്ല കോടതിയുടെ ചില നിരീക്ഷണങ്ങള്‍ നടത്തിയത്.
Also Read: ജാമ്യം ലഭിച്ചതിന് പിന്നാലെ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്‌തു
രാത്രികാലങ്ങളില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നുപറഞ്ഞ് പ്രതികളെ വെടിവച്ച് കൊല്ലുന്ന പ്രവണത അടുത്ത കാലത്ത് കൂടിയിട്ടുണ്ടെന്നും ഇത്തരം നീതിക്ക് നിരക്കാത്ത കാര്യങ്ങളില്‍ നിന്നും പൊലീസിനെ വിലക്കേണ്ടതുണ്ടെന്നും ഭാര്‍പേട്ട കോടതി പറഞ്ഞു. പൊലീസ് വാഹനത്തിലും അറസ്റ്റിന് പോകുന്ന ഉദ്യോഗസ്ഥരുടെ ശരീരത്തിലും ക്യാമറകള്‍ ഘടിപ്പിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് ഗുവാഹത്തി ഹൈക്കോടതി പൊലീസ് സേനയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ജില്ല കോടതിയുടെ പരാമര്‍ശം.