ബിന്ദ്: ആളും ആരവങ്ങളുമായി ആഘോഷമാക്കേണ്ടിയിരുന്ന വിവാഹാഘോഷം ഒരു നിമിഷമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറി. മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ നടന്ന വിവാഹാഘോഷത്തിനിടെയായിരുന്നു ഗ്യാസ് പൊട്ടിത്തെറിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ തല്‍ക്ഷണം മരണപ്പെട്ടത്. ജില്ലയിലെ ഗൊര്‍മി പ്രദേശത്തെ കച്ചാനാവ് ഗ്രാമത്തിലെ അഖിലേഷ് കദേരയുടെ വീട്ടില്‍ ശനിയാഴ്‌ചയായിരുന്നു സംഭവം.
കദേരയുടെ മകന്‍റെ വിവാഹത്തെ തുടര്‍ന്ന് ജൂണ്‍ 17ന് നിശ്ചയിച്ചിരുന്ന ഘോഷയാത്രയ്‌ക്കായുള്ള ഒരുക്കങ്ങള്‍ക്കിടയിലായിരുന്നു കുടുംബാംഗങ്ങളും ബന്ധുക്കളും. അതിഥികള്‍ക്കുള്ള വിരുന്ന് ഒരുക്കുന്നതിനിടെ അടുക്കളയിലെ ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം സംഭവിക്കുകയായിരുന്നു. ശക്തമായ സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ തല്‍ക്ഷണം മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.
പൊലീസ് അന്വേഷണം പുരോഗമിക്കുന്നു: കാര്‍ത്തിക് (4), ഭാവന(5), പരി(5) എന്നീ മൂന്ന് കുട്ടികളാണ് മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഗൃഹനാഥനായ അഖിലേഷ് കദേരയെ ഗ്വാളിയാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലേഷിന്‍റെ ഭാര്യ വിമല, മകള്‍ പൂജ, ബന്ധുവായ മീര എന്നിവര്‍ ഗൊര്‍മി ആശുപത്രിയിലും ചികിത്സയിലാണ്. പൊലീസ് അപകടസ്ഥലം സന്ദര്‍ശിച്ച് എങ്ങനെയാണ് വീട്ടില്‍ സ്‌ഫോടനമുണ്ടായത് എന്ന് അന്വേഷിച്ചുവരികയാണെന്ന് എസ്‌ഡിഒപി രാജേഷ് റാത്തോഡ് പറഞ്ഞു.
സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ചിലെ ഒരു വീട്ടില്‍ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് മധ്യപ്രദേശില്‍ ശനിയാഴ്‌ചയുണ്ടായ സംഭവം.
ശക്തമായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്നു: അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിന്‍റെ അവസാനത്തോടെ ഉത്തര്‍ പ്രദേശിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് നാല് പേര്‍ മരിച്ചിരുന്നു. ബുലന്ദ്‌ഷഹര്‍ നഗരത്തിലായിരുന്നു അപകടമുണ്ടായത്. സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.
സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഇതേതുടര്‍ന്ന് മരിച്ചവര്‍ അവശിഷ്‌ടങ്ങള്‍ക്കിടയിലുമായി. മാത്രമല്ല, സ്‌ഫോടനത്തിന്‍റെ ശബ്‌ദം രണ്ട് കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാമായിരുന്നു.
അപകട സ്ഥലത്ത് നിന്നുയര്‍ന്ന കനത്ത പുക കണ്ടാണ് ആളുകള്‍ ഓടിയടുത്തത്. അതേസമയം, ജനവാസ മേഖലയില്‍ നിന്ന് മാറി പാടത്തിന്‍റെ നടുവിലായി സ്ഥിതി ചെയ്‌തിരുന്ന വീട്ടില്‍ സ്‌ഫോടനമുണ്ടായത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സ്‌ഫോടന വിവരമറിഞ്ഞ് പൊലീസും ഫയര്‍ ആന്‍റ് റെസ്‌ക്യു വിഭാഗവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
സ്‌ഫോടന കാരണം വ്യക്തമല്ല: സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പരായ 112ല്‍ സ്‌ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങളും അഗ്നിശമന സേനയും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല എന്ന് ബുലന്ദ്ഷഹര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ പറഞ്ഞു.
സംഭവത്തിന്‍റെ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ മൃതദേഹങ്ങളുടെ കൈകാലുകള്‍ ചിതറിയ നിലയിലായിരുന്നു. കൂടാതെ ഇവിടെ വലിയ പ്ലാസ്‌റ്റിക് ഡ്രമ്മുകള്‍ തകര്‍ന്നുള്ള അവശിഷ്‌ടങ്ങളും നിറഞ്ഞിരുന്നു.