താനെ: ദുബായിലേക്ക് യാത്ര പോകാനൊരുങ്ങിയ യുവ വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് വിദേശ കറൻസിയടക്കം ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ കവർന്നതായി പരാതി. ഇൻകംടാക്‌സ് ഉദ്യോഗസ്ഥരെന്ന പേരില്‍ എത്തിയ നാലംഗ സംഘമാണ് പണം കവർന്നതെന്നാണ് പരാതി.
മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിന്നുള്ള ഇരുപത്തിയെട്ടുകാരനായ വസ്ത്ര വ്യാപാരി ദുബായിലേക്ക് പോകാനായി ഇന്ന് (ബുധനാഴ്‌ച) പുലർച്ചെ രണ്ട് മണിയോടെ കാറില്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് സംഭവം.
താനെയിലെ ഉല്‍ഹാസ് നഗറില്‍ നിന്ന് കാറില്‍ വിമാനത്താവളത്തിലേക്ക് വരുമ്പോൾ ഖരിഗോൺ ടോൾ പ്ലാസ എത്തുന്നതിനിടെ രണ്ട് പേർ ഇരുചക്രവാഹനത്തില്‍ എത്തി യുവ വസ്ത്രവ്യാപാരിയുടെ കാറിനെ മറികടന്നിരുന്നു. ശേഷം കാർ നിർത്തിച്ച ഇരുചക്ര യാത്രക്കാർ അവർ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുകയും കാറില്‍ വിദേശ കറൻസി കടത്തുന്നതായി വിവരം ലഭിക്കുമെന്ന് യുവവ്യാപാരിയെ അറിയിക്കുകയുമായിരുന്നു.
യുവ വ്യാപാരി കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഇരുചക്രവാഹനത്തില്‍ വന്നവർ കാറിലുണ്ടായിരുന്ന പണം അടങ്ങിയ ബാഗ് പിടിച്ചെടുത്തു. പെട്ടെന്ന് രണ്ട് പേർ കാറിലെത്തി ബാഗുമായി കടന്നുകളഞ്ഞതായാണ് പരാതി. യുവ വ്യാപാരി ഉടൻ തന്നെ ദുബായ് യാത്ര വേണ്ടെന്ന് വെച്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഉൾപ്പെട്ട നാലു പേരില്‍ ഒരാളെ അറിയാമെന്നും അയാൾ ഉല്‍ഹാസ് നഗർ സ്വദേശിയാണെന്നും യുവ വ്യാപാരി പൊലീസിനോട് പറഞ്ഞു. ഇതു പ്രകാരം പൊലീസ് നാല് പേരെ പ്രതി ചേർത്ത് കേസെടുത്തു. ഇന്ത്യൻ ശിക്ഷ നിയമ പ്രകാരമാണ് (സെക്ഷൻ 170, 420, 34 വകുപ്പുകൾ) കേസ്.