ബെംഗളൂരു: വാലന്‍റൈൻസ് ഡേ ആഘോഷങ്ങൾക്കായി ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിൽ നിന്ന് മാത്രം കയറ്റി അയച്ചത് 2,73,000 കിലോ റോസാപ്പൂക്കൾ. വിമനത്താവള അധികൃതരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. ഇതിൽ 1,70,000 കിലോ അന്താരാഷ്‌ട്ര വിപണിയിലേക്കാണ് കയറ്റുമതി ചെയ്‌തത്. സിംഗപ്പൂർ, ലണ്ടൻ, ദുബായ്, കുവൈറ്റ്, ക്വാലാലംപൂർ, ഓക്ക്‌ലാൻഡ്, ബെയ്‌റൂട്ട്, മനില തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പൂക്കൾ കയറ്റുമതി ചെയ്‌തത്.
മുംബൈ, കൊൽക്കത്ത, അലഹബാദ്, ബാഗ്ദോഗ്ര, ചണ്ഡിഗഡ്, ജയ്‌പൂർ, ചെന്നൈ, അലഹബാദ് തുടങ്ങിയ ആഭ്യന്തര വിപണികളിലേക്കും പൂക്കൾ കയറ്റി അയച്ചു. 1,03,000 കിലോയാണ് അഭ്യന്തര വിപണികളിലേക്ക് കയറ്റി അയച്ചത്. രാജ്യത്തെ പ്രധാന പുഷ്‌പ കയറ്റുമതി കേന്ദ്രങ്ങളിൽ ഒന്നാണ് ബെംഗളൂരു. കൊവിഡ് കർണാടകയിലെ പൂക്കളുടെ കയറ്റുമതിയെ ബാധിച്ചിരുന്നു. എന്നാൽ ലോക്ക്‌ഡൗണ്‍ ഇളവുകൾ വന്നതു മുതൽ വിപണി തിരിച്ചുവരവിന്‍റെ പാതയിലാണ്.