പ്രയാഗ്‌രാജ്: ഗുണ്ട-രാഷ്‌ട്രീയ നേതാവ് അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടു. അതിഖിന്‍റെ മകൻ അസദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് അ തിഖും അഷ്‌റഫും കൊല്ലപ്പെടുന്നത്. ഇന്നലെ വൈകുന്നേരം മെഡിക്കൽ ചെക്കപ്പിനായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ്‌രാജിൽ വച്ച് വെടിയേറ്റാണ് ഇരുവരുടെയും മരണം. സംഭവത്തിൽ മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അതിഖും സഹോദരനും പൊലീസുകാർക്കൊപ്പം നടക്കുന്നതും പെട്ടെന്ന് ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ പിസ്റ്റൾ ഉപയോഗിച്ച് ഇവരുടെ തലക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. മാധ്യമ പ്രവർത്തകരുടെ വേഷത്തിലെത്തിയാണ് പ്രതികൾ കൃത്യം ചെയ്‌തത്. 2006ലെ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു അതിഖ്.
അതിഖിന്‍റെ മകൻ അസദും സഹായിയും ഉത്തർപ്രദേശ് പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്‍റെ എൻകൗണ്ടറില്‍ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെടുന്നത്. സംഭവത്തെ തുടർന്ന് രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും രംഗത്തെത്തി. പൊലീസ് സുരക്ഷയിലിരിക്കെ ഇത്തരം ഒരു സംഭവം ഉണ്ടായതിനാൽ കടുത്ത വിമർശനമാണിവർ രേഖപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന്‍റെ വീഴ്‌ചയാണ് ഇതെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു.
മകൻ അസദിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അതിഖിനെ അനുവദിച്ചിരുന്നില്ല. അക്രമണ സാഹചര്യം പരിഗണിച്ച് കനത്ത പൊലീസ് സുരക്ഷയിലാണ് ശനിയാഴ്‌ച കസരി മസാരി ശ്‌മശാനത്തിൽ അസദിനെ സംസ്‌കരിച്ചത്. സംസ്‌കാരം ചടങ്ങുകൾ ഒരു മണിക്കൂറോളം നീണ്ടുനിന്നതായി പൊലീസ് അറിയിച്ചു. മകന്‍റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ അതിഖ് വെള്ളിയാഴ്‌ച മജിസ്‌ട്രേറ്റിനോട് അനുമതി തേടിയിരുന്നു. അംബേദ്‌കർ ജയന്തി പ്രമാണിച്ച് വെള്ളിയാഴ്‌ച അവധിയായതിനാൽ മജിസ്‌ട്രേറ്റിന് അപേക്ഷ അയച്ചതായി അദ്ദേഹത്തിന്‍റെ അഭിഭാഷകൻ മനീഷ് ഖന്ന പറഞ്ഞിരുന്നു. എന്നാൽ അനുമതി ലഭിച്ചില്ല.
തനിക്കും കുടുംബാംഗങ്ങൾക്കും സംരക്ഷണം ആവശ്യപ്പെട്ട് അതിഖ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഉമേഷ് പാൽ വധ കേസിന്‍റെ അന്വേഷണത്തിനായി തന്നെ സബർമതി ജയിലിൽ നിന്ന് പ്രയാഗ്‌രാജ് ജയിലിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്‌താണ് അതിഖ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ അതിഖിന് സംരക്ഷണം നൽകാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. സർക്കാരും പൊലീസും സംരക്ഷണം ഒരുക്കുമെന്നും കൂടുതൽ ആവശ്യങ്ങൾക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനുമാണ് കോടതി അന്ന് പറഞ്ഞത്.
സുപ്രീം കോടതി വിധി വന്ന് ഏകദേശം രണ്ടാഴ്‌ചക്ക് ഉള്ളിലാണ് അതിഖും അസദും കൊല്ലപ്പെടുന്നത്. അതിഖിന്‍റെ മക്കളിൽ മൂത്തയാള്‍ ഉമർ ലഖ്‌നൗ ജയിലിലും രണ്ടാമത്തെ മകൻ അലി നൈനി സെൻട്രൽ ജയിലിലുമാണ്. നാലാമത്തെ മകൻ അഹ്‌ജാമും ഇളയ മകൻ അബാനും പ്രയാഗ്‌രാജിലെ ജുവനൈൽ ഹോമിലാണ്. ബിഎസ്‌പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സാക്ഷിയായ ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അതിഖ് അഹമ്മദും കൂട്ടരും കൊലപ്പെടുത്തിയത്.