ഹൈദരാബാദ്: സെക്കന്ദരാബാദ് പോട്ട് മാര്‍ക്കറ്റിലെ ബാലാജി സ്വര്‍ണക്കടയില്‍ കഴിഞ്ഞ ദിവസം നടത്തിയ വിദഗ്‌ധമായ കവര്‍ച്ചയ്‌ക്ക് പിന്നില്‍ മഹാരാഷ്‌ട്രയിലെ താനെ സംഘത്തില്‍ നിന്നുള്ളവരെന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടുകൂടിയായിരുന്നു സംഘം കവര്‍ച്ച നടത്തിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം പരിശോധന നടത്താനെന്നറിയിച്ച് 1700 ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റുമായി കടന്നുകളയുകയായിരുന്നു.
സംഘത്തിലെ രണ്ട് പ്രതികള്‍ അറസ്‌റ്റില്‍: ഉത്തര്‍ മണ്ഡല്‍ ഡിസിപി ചന്ദന ദീപ്‌തി ടാസ്‌ക് ഫോഴ്‌സ് ഡിസിപി രാധാകൃഷ്‌ണ റാവോ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു പൊലീസ് പ്രതികളെ കണ്ടെത്തിയത്. താനെ പൊലീസിന്‍റെ സഹായത്തോടെ സംഘത്തിലെ രണ്ട് പ്രതികളെ സംഭവ ദിവസം തന്നെ അറസ്‌റ്റ് ചെയ്‌തിരുന്നു.
കടയിലെ ജീവനക്കാരിലൊരാളുടെ സഹായത്തോടെയാണ് കവര്‍ച്ച നടന്നത് എന്ന തരത്തിലാണ് കേസിന്‍റെ ഗതി മാറുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കടയുടമയുടെയും ജീവനക്കാരുടെയും ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. പ്രതികള്‍ താമസിച്ച ലോഡ്‌ജിലെ മാനേജരെ ചോദ്യം ചെയ്‌തു വരികയാണ്.
ആകെ മൊത്തം എട്ട് അംഗ സംഘമായിരുന്നു കവര്‍ച്ച സംഘത്തില്‍ ഉള്‍പെട്ടിരുന്നത്. ഈ മാസം 24ന് പുലര്‍ച്ചെ നാല് പേര്‍ ഹൈദരാബാദില്‍ ബസ് മാര്‍ഗം എത്തിച്ചേര്‍ന്നു. മറ്റ് നാല് പേര്‍ അന്നേ ദിവസം ഉച്ചയ്‌ക്ക് ശേഷവും എത്തി.
ആധാര്‍ നമ്പര്‍ ലോഡ്‌ജില്‍ നല്‍കി: ശേഷം, പാട്‌നെ സെന്‍ററില്‍ ഇവര്‍ റൂം എടുത്ത് താമസിച്ചു. ഒരാള്‍ ലോഡ്‌ജ് മാനേജ്‌മെന്‍റിന് തന്‍റെ ആധാര്‍ നമ്പരും നല്‍കിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംഘത്തിലെ മൂന്ന് പേര്‍, കവര്‍ച്ച നടത്താനുദ്ദേശിച്ച സ്വര്‍ണക്കടയില്‍ നിരീക്ഷണം നടത്തി.
കഴിഞ്ഞ ദിവസമായിരുന്നു(27.05.2023) മോഷ്‌ടാക്കള്‍ കവര്‍ച്ച നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയായിരുന്നു അഞ്ചംഗ സംഘം എത്തിയത്. ഈ സമയം സംഘത്തിലെ ഒരാള്‍ കടയ്‌ക്ക് പുറത്ത് കാവലായി നില്‍ക്കുകയായിരുന്നു.
മുഖം മൂടി ധരിച്ച് എത്തിയ നാല് പേരും 20 മിനിറ്റിനുള്ളില്‍ 1700 ഗ്രാം സ്വര്‍ണ ബിസ്‌കറ്റും ചെറിയ ബാഗിലാക്കിയായിരുന്നു പുറത്ത് എത്തിയത്. നാല് പേരും ഓട്ടോ മാര്‍ഗമായിരുന്നു മടങ്ങിയത്. മറ്റ് അഞ്ച് പേര്‍ മറ്റൊരു ഓട്ടോയില്‍ കെപിഎച്ച്പി ബസ് സ്‌റ്റാന്‍റില്‍ എത്തിചേര്‍ന്നു.
കവര്‍ച്ച നടത്തിയ ശേഷം ഇവര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആക്കി വച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവറെ അറസ്‌റ്റ് ചെയ്‌ത് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇവര്‍ തെലുഗു, ഹിന്ദി, മാറാഠി തുടങ്ങിയ ഭാഷകളിലായി സംസാരിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു.
കവര്‍ച്ചയ്‌ക്ക് പിന്നില്‍ മറ്റൊരാള്‍: കവര്‍ച്ചയ്‌ക്ക് ശേഷം കെപിഎച്ച്ബി ബസ് സ്‌റ്റോപ്പ് വഴിയാണ് പ്രതികള്‍ മഹാരാഷ്‌ട്രയിലേയ്‌ക്ക് കടന്നുകളഞ്ഞതെന്നാണ് പൊലീസ് കരുതുന്നത്. കവര്‍ച്ച നടത്തിയ സ്വര്‍ണം പുറത്ത് നിന്നുള്ള മറ്റ് വ്യക്തികള്‍ക്ക് ഇവര്‍ കൈമാറ്റം ചെയ്‌തതായാണ് പൊലീസ് കരുതുന്നത്.
നിരവധി സ്വര്‍ണക്കടകളുള്ള പോട്ട് മാര്‍ക്കറ്റില്‍ എന്ത് കൊണ്ട് നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാലാജി സ്വര്‍ണക്കട തന്നെ മോഷ്‌ടാക്കള്‍ കവര്‍ച്ചയ്‌ക്കായി തിരഞ്ഞെടുത്തത് എന്നാണ് നിലവിലെ സംശയം. സംഭവത്തിന് പിന്നിലെ സൂത്രധാരന്‍ മറ്റൊരു വ്യക്തിയാണെന്നാണ് കരുതപ്പെടുന്നത്. കടയിലെ ജീവനക്കാരുടെ ഒത്താശയോടു കൂടാതെ ഇത്തരമൊരു കവര്‍ച്ച സാധ്യമല്ലെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.