ന്യൂഡല്‍ഹി: 2021ലെ മഹാത്മാഗാന്ധി സമാധാന പുരസ്‌കാരം ഗീത പ്രസിന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോൺഗ്രസും ബിജെപിയും തമ്മിലുണ്ടായ പോര് രൂക്ഷം. ഹിന്ദുത്വ സൈദ്ധാന്തികൻ വിഡി സവർക്കറിനേയും മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സയേയും ആദരിക്കാനാണ് ഈ പുരസ്‌കാരമെന്നാണ് കോൺഗ്രസിന്‍റെ പ്രധാന വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് ജൂറി ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആരോപിച്ചു.
ഇതിന് പ്രത്യാരോപണവുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ പ്രതികരണത്തില്‍ നിന്നും ആ പാർട്ടിയിൽ മാവോയിസ്റ്റ് സ്വാധീനമുണ്ടെന്ന് വ്യക്തമാക്കുന്നുവെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ് ആരോപിച്ചു. വിഡി സവർക്കറിനേയും ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സയേയും ആദരിക്കുന്നതാണ് ജൂറിയുടെ തീരുമാനമെന്ന ജയ്‌റാം രമേശിന്‍റെ വിമര്‍ശനത്തിനാണ് 'മാവോയിസ്റ്റ് മറുപടി'.
'രാഹുലിന് മാവോയിസ്റ്റ് ഉപദേശകര്‍': അഹിംസ അടക്കം ഗാന്ധിയൻ ആദർശം കണക്കിലെടുത്ത് സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ രംഗത്തെ മാറ്റങ്ങൾക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരമെന്ന് ജൂറി വ്യക്തമാക്കിയിരുന്നു. ജയ്‌റാം രമേശിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി എംപി രവിശങ്കർ പ്രസാദിന്‍റെ ഭാഗത്തുനിന്നുണ്ടായത്. രാമക്ഷേത്ര നിർമാണത്തിന് തടസം നിന്ന കോൺഗ്രസിൽ നിന്ന് ഈ പ്രതികരണമല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്. മുത്തലാഖ് നിരോധനത്തെ പോലും എതിർക്കുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്.
ഗീത പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചതിനെ കോൺഗ്രസ് വിമർശിക്കുന്നതിലും നാണക്കേട് മറ്റെന്തുണ്ട്?. തങ്ങൾ അതിനെ ശക്തമായി അപലപിക്കുന്നു. ഒരു കാലത്ത് രാജ്യം ഭരിച്ചിരുന്ന പാർട്ടിയിൽ ഇപ്പോൾ മാവോയിസ്റ്റ് ചിന്താഗതിയുള്ള ആളുകളുണ്ട്. അവരാണ് രാഹുൽ ഗാന്ധിയുടെ ഉപദേശകരായി പ്രവര്‍ത്തിക്കുന്നത്. ഈ പ്രവണത രാജ്യം മുഴുവൻ ഒന്നിച്ചുനിന്ന് എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.
'സോണിയയുടെ അഭിപ്രായം എന്ത് ?': 2015ൽ പ്രസിദ്ധീകരിച്ച, ജേണലിസ്റ്റ് അക്ഷയ മുകുളിന്‍റെ പുസ്‌തകത്തെക്കുറിച്ച് രവിശങ്കർ പ്രസാദ് പരാമർശിച്ചു. ഗീത പ്രസും മഹാത്മാഗാന്ധിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നുണ്ട് ഈ പുസ്‌തകത്തില്‍. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന്‍റെ കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ജയ്‌റാം രമേശ്. അദ്ദേഹത്തിന്‍റെ ഇത്തരം പരാമർശങ്ങളോട് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യോജിക്കുന്നുണ്ടോയെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.
വിഷയത്തില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പ്രതികരിച്ചു. 'മുസ്‌ലിം ലീഗിനെ മതേതര സംഘടനയായി കണക്കാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഈ പാര്‍ട്ടിക്കല്ലാതെ മറ്റാർക്കും ഈ പുരസ്‌കാര പ്രഖ്യാപനത്തില്‍ എതിർപ്പില്ല.' - കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആരോപിച്ചു. ഗീത പ്രസ് ഇന്ത്യയുടെ സംസ്‌കാരവും നമ്മുടെ ധാർമികതയും ഹൈന്ദവ വിശ്വാസവും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഇവയുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥാപനമാണിത്. രാജ്യത്തെ എല്ലാ ഹിന്ദുമത വിശ്വാസികളുടെ വീട്ടിലും എത്തിക്കാനുള്ള പുസ്‌തകങ്ങളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നതെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
ന്യൂഡൽഹിയില്‍ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലെ ഗീത പ്രസ്, ലോകത്തിലെ വലിയ പുസ്‌തക പ്രസാധകരിൽ ഒന്നാണ്. 1923ലാണ് ഈ പ്രസ് സ്ഥാപിച്ചത്.